മുതിർന്നവർക്കും കുഞ്ഞുങ്ങളുമായി എത്തുന്നവർക്കും ക്യൂ നിൽക്കേണ്ട; ഇന്ത്യൻ കോൺസുലർ സേവനങ്ങളിൽ ഇളവ്

അൽഹിന്ദ് ടൂഴ്‌സ് ആൻഡ് ട്രാവൽസിന്റെ കീഴിൽ യുഎഇയിലുടനീളം ആരംഭിച്ച പുതിയ സേവന കേന്ദ്രങ്ങളിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

യുഎഇയിലുള്ള ഇന്ത്യൻ പൗരന്മാർക്കായി കോൺസുലർ സേവനങ്ങളിൽ വലിയ ഇളവുകളും മുൻഗണന സൗകര്യങ്ങളും പ്രഖ്യാപിച്ച് ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ. മുതിർന്ന പൗരന്മാർക്കും കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന മാതാപിതാക്കൾക്കും ഇനിമുതൽ മുൻകൂട്ടി അപ്പോയിന്റ്മെന്റുകൾ എടുക്കാതെ തന്നെ നേരിട്ട് കോൺസുലർ സെന്ററുകളിൽ എത്തി സേവനങ്ങൾ കൈപ്പറ്റാം. അൽഹിന്ദ് ടൂഴ്‌സ് ആൻഡ് ട്രാവൽസിന്റെ കീഴിൽ യുഎഇയിലുടനീളം ആരംഭിച്ച പുതിയ സേവന കേന്ദ്രങ്ങളിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് യുഎഇയിലെ പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളില്‍ ഇനി മുതല്‍ മുന്‍കൂര്‍ അപ്പോയ്മെൻ്റ് ഇല്ലാതെ നേരിട്ടെത്താം. ഭിന്നശേഷിക്കാര്‍ക്ക് പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായി സേവന കേന്ദ്രങ്ങളില്‍ നേരിട്ട് എത്താമെന്നും ഇനി മുതല്‍ മുന്‍കൂര്‍ അപ്പോയ്മെൻ്റ് ഒഴിവാക്കുമെന്നും ഇവര്‍ക്ക് ക്യൂ ഒഴിവാക്കി മുന്‍ഗണന നല്‍കും.

ഷാർജ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് കോൺസുലർ സേവനങ്ങളിലെ നിർണ്ണായക പരിഷ്കാരങ്ങൾ ഇന്ത്യൻ അംബാസഡർ വിശദീകരിച്ചത്. ഭിന്നശേഷിക്കാർക്കായി ദുബായ് യുഡബ്ല്യു മാളിലെ ഫ്ലാഗ്ഷിപ്പ് സെന്ററിൽ പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. അപ്പോയിന്റ്മെന്റുകൾ ഇല്ലാതെ എത്തുന്ന ഇവർക്ക് നീണ്ട വരികളിൽ നിൽക്കാതെ തന്നെ വളരെ വേഗത്തിൽ സേവനങ്ങൾ ലഭ്യമാകും. അതേസമയം, മറ്റ് സാധാരണ അപേക്ഷകർക്ക് consularsevainuae.com എന്ന പോർട്ടൽ വഴി ഓൺലൈൻ അപ്പോയിന്റ്മെന്റ് നിർബന്ധമാണ്. ദിവസവും രാവിലെ ഒമ്പതിനും രാത്രി ഒമ്പതിനും അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ ലഭ്യമാകും.

പ്രവാസി സമൂഹത്തിന് കൂടുതൽ സഹായകരമാകുന്ന രീതിയിൽ യുഎഇയിലുടനീളം 16 കേന്ദ്രങ്ങളാണ് അൽഹിന്ദ് ഗ്രൂപ്പ് പുതിയതായി തുറന്നിരിക്കുന്നത്. അൽ മംസാറിലെ പ്രധാന ഫ്ലാഗ്ഷിപ്പ് സെന്ററിൽ മാത്രം 70-ലധികം കൗണ്ടറുകളാണ് സേവനങ്ങൾക്കായി പ്രവർത്തിക്കുന്നത്. പാസ്‌പോർട്ട് പുതുക്കൽ, സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ, വിസ, ഒസിഐ കാർഡ് സേവനങ്ങൾ എന്നിവയെല്ലാം ഈ കേന്ദ്രങ്ങൾ വഴി അനായാസം ലഭ്യമാകും.

Content Highlights: Indian consular service centres have introduced priority service for senior citizens and people visiting with infants or young children. The initiative allows eligible applicants to receive services without standing in regular queues, making passport, visa, and other consular procedures faster and more convenient.

To advertise here,contact us