ഇത്തിഹാദ് റെയില്‍; പുതിയ പാസഞ്ചര്‍ സ്റ്റേഷനുകള്‍ നവംബര്‍ 30ന് തുറക്കും

അല്‍ ദഫ്ര മേഖലയിലെ വാര്‍ഷിക വിനോദ സഞ്ചാര സാംസ്‌കാരിക ഉത്സവങ്ങള്‍ക്ക് മുന്നോടിയായാണ് പുതിയ നീക്കം

യുഎഇ ദേശീയ റെയില്‍ ശൃംഖലയുടെ പുതിയ പാസഞ്ചര്‍ സ്റ്റേഷനുകള്‍ നവംബറില്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മദീന സായിദ്, ലീവ എന്നീ പാസഞ്ചര്‍ സ്റ്റേഷനുകള്‍ മുന്‍പ് നിശ്ചയിച്ചതിലും ഒരുമാസം മുന്‍പ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. ഈ വര്‍ഷം നവംബര്‍ 30-നാണ് പുതിയ സ്റ്റേഷനുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. അല്‍ ദഫ്ര മേഖലയിലെ വാര്‍ഷിക വിനോദ സഞ്ചാര സാംസ്‌കാരിക ഉത്സവങ്ങള്‍ക്ക് മുന്നോടിയായാണ് പുതിയ നടപടി.

അല്‍ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നവംബര്‍ 30 നാക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇത്തിഹാദ് റെയില്‍ സിഇഒ ഷാദി മലാക്കിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായി അല്‍ നഖീല്‍ കൊട്ടാരത്തില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ തീരുമാനം ഉണ്ടായത്.

ഡിസംബര്‍ 30 നായിരുന്നു സ്റ്റേഷനുകള്‍ തുറക്കുന്നതിനായി ആദ്യം നിശ്ചിച്ചിരുന്നത്. എന്നാല്‍ ഇത് നവംബറില്‍ തുറക്കുന്നതോടെ വിഖ്യാതമായ അല്‍ ദഫ്ര ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്ന ആളുകള്‍ക്ക് വലിയ ആശ്വാസമാകും.

രാജ്യാന്തര നിലവാരമുള്ള ഗതാഗത ശൃഖല സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി പുരോഗമിക്കുന്നത് എന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാദ് പറയുന്നത്.

ജൂണ്‍ 30 നാണ് അബുദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ നിന്ന് ഫുജൈറയിലെ അല്‍ ഹിസാന്‍ വരെ ആരംഭിച്ച ആദ്യ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് പ്രവര്‍ത്തനം ആരംഭിച്ചത്. സര്‍വീസ് ആരംഭിച്ച ആദ്യ ആഴ്ചയില്‍ തന്നെ പതിനായിരത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഘട്ടം ഘട്ടമായുള്ള വികസന പദ്ധതി അനുസരിച്ച് സെപ്തംബര്‍ 30 ന് ദുബായിലെ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്, ഷാര്‍ജയിലെ അല്‍ ദൈദ് എന്നീ സ്റ്റേഷനുകള്‍ പ്രവര്‍ത്തന സജ്ജമാകും. നവംബറില്‍ മദീനത്ത് സായിദ്, ലീവ സ്റ്റേഷനുകള്‍ തുറന്ന ശേഷം ഡിസംബര്‍ 30 ന് അല്‍ സില, മിര്‍ഫ, അല്‍ ധന്ന സ്റ്റേഷനുകളും തുറക്കും. 2027 മാര്‍ച്ച് 30 ന് ഷാര്‍ജ യൂണിവേഴ്‌സിറ്റി സ്‌റ്റേഷന്‍ കൂടി തുറക്കുന്നതോടെ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാകും.

Content Highlight: The UAE's Etihad Rail will open new passenger stations on November 30, marking a major milestone in expanding the country's national railway network

To advertise here,contact us