യുഎഇയിലെ പ്രവാസികൾക്കായി ഇന്ത്യൻ എംബസി നൽകിവരുന്ന പാസ്പോർട്ട്, വിസ, സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ തുടങ്ങി എല്ലാ കോൺസുലാർ സേവനങ്ങളുടെയും ചുമതല അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് കൈമാറി. നാളെ മുതലാണ് സേവനങ്ങൾ ആരംഭിക്കുക. ഇനി മുതൽ 16 ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ വഴി സേവനങ്ങൾ ലഭ്യമാകും. അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫീസിലും നേരിട്ടുള്ള സേവനങ്ങൾ ഇനി ലഭ്യമാകില്ല.
സേവനങ്ങൾ ആവശ്യമുള്ളവർക്ക് consularsevainuae.com എന്ന വെബ്സൈറ്റ് വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. എല്ലാ ദിവസവും രാവിലെ ഒമ്പത് മണിക്കും രാത്രി ഒമ്പത് മണിക്കും മാത്രമാണ് അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ ലഭ്യമാക്കുക. രാവിലെ എട്ട് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് സെന്ററുകളുടെ പ്രവർത്തന സമയം. എന്നാൽ അപ്പോയിന്റ്മെന്റ് ലഭിച്ച സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രമേ അപേക്ഷകർക്ക് കേന്ദ്രങ്ങൾക്കുള്ളിലേക്ക് പ്രവേശനം അനുവദിക്കൂ.
അടിയന്തര സേവനങ്ങൾ ആവശ്യമുള്ളവർക്ക് ആശ്വാസമേകുന്ന തീരുമാനങ്ങളും എംബസി അറിയിച്ചിട്ടുണ്ട്. തത്കാൽ പാസ്പോർട്ട്, നവജാതശിശുക്കളുടെ പാസ്പോർട്ട് അപേക്ഷകൾ, എമർജൻസി സർട്ടിഫിക്കറ്റ്, 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കുള്ള സേവനങ്ങൾ എന്നിവയ്ക്ക് മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കേണ്ടതില്ല. ഇവർക്ക് നേരിട്ടെത്തി ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന മുൻഗണനാ ക്രമത്തിൽ സേവനം പ്രയോജനപ്പെടുത്താം. ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക ഫീസിന് പുറമെ 19 യുഎഇ ദിർഹമാണ് നികുതി ഉൾപ്പെടെ അൽഹിന്ദ് സേവന നിരക്കായി ഈടാക്കുന്നത്.
മുൻ സേവന ദാതാക്കളായിരുന്ന ബിഎൽഎസ് ഇൻ്റർനാഷണലിനെ സാങ്കേതിക കാരണങ്ങളാൽ ഒഴിവാക്കിയതിനെ തുടർന്നാണ് കരാർ അൽഹിന്ദിന് ലഭിച്ചത്. തുടർന്ന് കരാർ നൽകിയതിനെതിരെ നടന്ന നിയമപോരാട്ടങ്ങൾ കാരണം സേവനങ്ങൾ താൽക്കാലികമായി എംബസിയും കോൺസുലേറ്റും നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി അപ്പോയിന്റ്മെന്റുകൾ ലഭിക്കാതെ പ്രവാസികൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചിരുന്നത്. എന്നാൽ വിഷയം പരിഗണിച്ച സുപ്രീം കോടതി നൽകിയ ഇടക്കാല ഉത്തരവോടെയാണ് അൽഹിന്ദ് കേന്ദ്രങ്ങൾ വഴി സേവനങ്ങൾ പുനരാരംഭിക്കാൻ വഴിയൊരുങ്ങിയത്.
Content Highlights: Indian expatriates in the UAE can access a range of consular services through Al Hind Centres starting tomorrow. The initiative is aimed at improving accessibility, reducing waiting times, and making passport, attestation, and other consular procedures more convenient.