കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ എഐ; പുതിയ സംവിധാനവുമായി ദുബായ് മുൻസിപ്പാലിറ്റി

സാധാരണ പരിശോധനാ രീതികളെ അപേക്ഷിച്ച് അപകടകാരികളായ ബാക്ടീരിയകളെ വളരെ പെട്ടെന്ന് തിരിച്ചറിയാൻ ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് സാധിക്കും

ദുബായിലെ വീടുകളിലെയും മറ്റ് കേന്ദ്രങ്ങളിലെയും കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയ സംവിധാനത്തിന് തുടക്കം കുറിച്ച് ദുബായ് മുൻസിപ്പാലിറ്റി. ദുബായ് സെൻട്രൽ ലബോറട്ടറി വഴി നടപ്പിലാക്കുന്ന ഈ സംവിധാനത്തിലൂടെ വെള്ളത്തിലെ ഹാനികരമായ ബാക്ടീരിയകളുടെ സാന്നിധ്യം അതിവേഗത്തിലും എളുപ്പത്തിലും കണ്ടെത്താനാകും.

സാധാരണ പരിശോധനാ രീതികളെ അപേക്ഷിച്ച് അപകടകാരികളായ ബാക്ടീരിയകളെ വളരെ പെട്ടെന്ന് തിരിച്ചറിയാൻ ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് സാധിക്കും. ഡിജിറ്റൽ സംവിധാനത്തിലൂടെ പരിശോധനാ ഫലങ്ങൾ ലഭ്യമാക്കുന്നത് വഴി കൃത്യത ഉറപ്പാക്കാനും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി പ്രതിരോധ നടപടികൾ സ്വീകരിക്കാനും സാധിക്കും.

പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രോഗസാധ്യതകൾ മുൻകൂട്ടി തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഇത്തരം നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പരിശോധനകളുടെ വേഗത കൂട്ടുന്നതിനൊപ്പം വിശ്വാസ്യത ഉറപ്പുവരുത്താനും പുതിയ ഡിജിറ്റൽ അധിഷ്ഠിത സംവിധാനം സഹായിക്കും.

സ്മാർട്ട് സിറ്റി എന്ന ദുബായുന്റെ ലക്ഷ്യത്തിന് കരുത്തുപകരുന്ന ഈ പദ്ധതി വീടുകളിലെ വാട്ടർ ടാങ്കുകൾ, പൈപ്പുകൾ, സ്വിമ്മിംഗ് പൂളുകൾ എന്നിവയിലെ വെള്ളവും പാക്കേജ് ചെയ്യാത്ത കുടിവെള്ളവുമെല്ലാം നിരീക്ഷിക്കാൻ സൗകര്യമൊരുക്കുന്നു. വീടുകൾക്ക് പുറമെ വിനോദ കേന്ദ്രങ്ങൾ, മറ്റ് പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്കും ഉയർന്ന ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പാക്കാൻ ഈ എഐ സംവിധാനം ഏറെ സഹായകരമാകും.

Content Highlights: Dubai Municipality has launched a new artificial intelligence-based system to monitor the quality of drinking water. The initiative is designed to enhance water safety, enable real-time monitoring, and ensure faster detection of any changes in water quality.

To advertise here,contact us