നടന്നാൽ മാത്രം വെളിച്ചം തെളിയും; ദുബായിലെ 30 കാൽനട പാലങ്ങളിൽ മോഷൻ സെൻസർ എൽഇഡി ലൈറ്റുകൾ സ്ഥാപിക്കാൻ ആര്‍ടിഎ

രാത്രി സമയത്തെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വൈദ്യുതി ഉപഭോഗവും പ്രവര്‍ത്തനച്ചെലവും ഗണ്യമായി കുറയ്ക്കാനാകുമെന്ന് ആര്‍ടിഎ പറഞ്ഞു

ദുബായില്‍ ഇനി ജനങ്ങള്‍ നടക്കുമ്പോള്‍ മാത്രം വെളിച്ചം തെളിയും. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ദുബായിലെ 30 കാല്‍നട പാലങ്ങളിലെ ലൈറ്റിംഗ് സംവിധാനം നവീകരിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടു. പ്രധാന റോഡുകള്‍ മുറിച്ചുകടക്കുന്ന കാല്‍നട യാത്രക്കാരുടെ സുരക്ഷയും യാത്രാസൗകര്യവും വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി എല്ലാ പാലങ്ങളിലും എല്‍ഇഡി ലൈറ്റുകള്‍ മോഷന്‍ സെന്‍സര്‍ സാങ്കേതികവിദ്യയോടെ സ്ഥാപിക്കും. പാലത്തില്‍ കാല്‍നട യാത്രക്കാരുടെ സാന്നിധ്യം കണ്ടെത്തുമ്പോള്‍ മാത്രമേ ലൈറ്റുകള്‍ സ്വയം തെളിയുകയുള്ളു. ഇതിലൂടെ രാത്രി സമയത്തെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വൈദ്യുതി ഉപഭോഗവും പ്രവര്‍ത്തനച്ചെലവും ഗണ്യമായി കുറയ്ക്കാനാകുമെന്ന് ആര്‍ടിഎ പറഞ്ഞു.

പുതിയ ലൈറ്റിംഗ് സംവിധാനം സ്ഥാപിക്കുന്നതിന് മുമ്പ് 30 പാലങ്ങളിലുമുള്ള നിലവിലെ ലൈറ്റുകളുടെ നിലവിലെ അവസ്ഥ ഉള്‍പ്പെടെയുള്ള സാങ്കേതിക പരിശോധനകളും സ്ഥലപരിശോധനകളും അധികൃതര്‍ നടത്തി. അംഗീകൃത ലൈറ്റിംഗ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന തരത്തിലാണ് പുതിയ സംവിധാനങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് എന്നും അധികൃതര്‍ പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 21 പാലങ്ങളിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ശേഷിക്കുന്ന പാലങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പദ്ധതിയും 2026ൻ്റെ നാലാം പാദത്തോടെ പൂര്‍ത്തിയാക്കാനാണ് ആര്‍ടിഎയുടെ ലക്ഷ്യം. റോഡ് ലൈറ്റിംഗും അനുബന്ധ അടിസ്ഥാനസൗകര്യങ്ങളും കൂടുതല്‍ സ്മാര്‍ട്ടും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിനുള്ള ആര്‍ടിഎയുടെ വിപുലമായ പദ്ധതികളുടെ ഭാഗമായാണ് ഈ സംരംഭം. ഊര്‍ജക്ഷമമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ദുബായുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാനും ഹരിത സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

Content Highlight: Dubai's Roads and Transport Authority will install motion sensor LED lights on 30 pedestrian bridges to improve safety and energy efficiency

To advertise here,contact us