799 രോഗികള്‍ക്ക് 23.5 മില്യണ്‍ ദിര്‍ഹത്തിന്റെ വൈദ്യ സഹായം നല്‍കി ഷാര്‍ജാ ചാരിറ്റി ഇന്റര്‍നാഷണല്‍

ശസ്ത്രക്രിയകള്‍, പ്രത്യക മരുന്നുകള്‍, ദീര്‍ഘകാല ആരോഗ്യ സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ ദുരിതമനുഭവിക്കുന്നവരാണ് ഈ 799 പേർ

ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മാത്രം 23.5 മില്യണ്‍ ദിര്‍ഹത്തിന്റെ വൈദ്യസഹായമാണ് 799 രോഗികള്‍ക്ക് ഷാര്‍ജാ ചാരിറ്റി ഇന്റര്‍നാഷല്‍ നല്‍കിയത്. ഗുരുതര രോഗങ്ങളുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികള്‍ക്കാണ് വൈദ്യസഹായം നല്‍കുന്നത്. ശസ്ത്രക്രിയകള്‍, പ്രത്യക മരുന്നുകള്‍, ദീര്‍ഘകാല ആരോഗ്യ സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ ദുരിതമനുഭവിക്കുന്നവരാണ് ഈ 799 പേരില്‍ ഉള്‍പ്പെടുന്നത്.

ചികിത്സ ലഭിക്കുക എന്നതാണ് അടിസ്ഥാനപരമായ മാനുഷിക ആവശ്യം ആണെന്നും രോഗികളുടെ കഷ്ടപ്പാടുകള്‍ കുറയ്ക്കുക എന്നതുമാണ് യഥാര്‍ഥ ചാരിറ്റി എന്നും ഷാര്‍ജാ ചാരിറ്റി ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ മുഹമ്മദ് സലീം അല്‍ മനാഇ പറഞ്ഞു. അപേക്ഷകര്‍ സമര്‍പ്പിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെയും അംഗീകൃത ആരോഗ്യ സംരക്ഷണ അധികാരികളുമായി ഏകോപിപ്പിച്ച് നടത്തുന്ന വിശദമായ വിലയിരുത്തലുകളുടെയും അടിസ്ഥാനത്തില്‍, നിരവധി നിര്‍ണായക മെഡിക്കല്‍ സ്‌പെഷ്യാലിറ്റികളിലുള്ള രോഗികളെ ഈ ചാരിറ്റി വഴി പിന്തുണയ്ക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

192 വൃക്ക സംബന്ധമായിട്ടുള്ള രോഗികള്‍ക്കുള്ള ചികിത്സയ്ക്കായി ഏകദേശം 5.7 ദിര്‍ഹത്തിന്റെ ചികിത്സാ സഹായം നല്‍കിയിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്കുള്ള തുടര്‍ച്ചയായുള്ള ഡയാലിസിസ്, മരുന്നുകളുടെ ലഭ്യത തുടങ്ങിയവയക്കുള്ള വൈദ്യ സഹായം എന്നിവ നല്‍കിയിട്ടുണ്ട്. അതുപോലെ 140 കാന്‍സര്‍ രോഗികള്‍ക്കായുള്ള ചികിത്സയ്ക്കായി 5.5 മില്യണ്‍ ദിര്‍ഹം, ജീവന് തന്നെ ഭീഷണിയുണ്ടാകുന്ന അസുഖങ്ങളുള്ള ആളുകള്‍ക്കായി 3.4 മില്യണ്‍ ദിര്‍ഹം എന്നിങ്ങനെ സഹായങ്ങള്‍ നല്‍കി. കൂടാതെ 86 രോഗികള്‍ക്ക് ശസ്ത്രക്രിയാ നടപടികള്‍ക്കായി 2.3 മില്യണ്‍ ദിര്‍ഹം, അവയവ മാറ്റിവെയ്ക്കല്‍ നടപടികള്‍ക്കായി 1.8 മില്യണ്‍ ദിര്‍ഹം എന്നിങ്ങനെയും നല്‍കിയിട്ടുണ്ട്. വിട്ടുമാറാത്ത രോഗങ്ങള്‍, നേത്രരോഗങ്ങള്‍, മറ്റ് പ്രത്യേക മെഡിക്കല്‍ അവസ്ഥകള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്കും വൈദ്യസഹായ പദ്ധതി പിന്തുണ നല്‍കിയിട്ടുണ്ട്.

മാറാരോഗമുള്ള 78 രോഗികള്‍ക്ക് 1.1 ദിര്‍ഹത്തിന്റെ വൈദ്യസഹായം, 57 നേത്രരോഗികള്‍ക്കായി 820,000 ദിര്‍ഹത്തിന്റെ വൈദ്യസഹായം എന്നിങ്ങനെയാണ് നല്‍കിയിരിക്കുന്നത്. ഹൃദ്‌രോഗം, നാഢീരോഗമുള്ളവര്‍, അസ്ഥി സംബന്ധ രോഗങ്ങള്‍ മറ്റ് പ്രത്യേക ചികിത്സ വേണ്ടുന്ന രോഗികള്‍ എന്നിവര്‍ക്കും വൈദ്യസഹായം നല്‍കിയിട്ടുണ്ട്. ഗര്‍ഭിണികള്‍, മാതൃ ചികിത്സ തുടങ്ങിയവര്‍ക്കായി ഏകദേശം 448,000 ദിര്‍ഹത്തിന്റെ ചികിത്സാ സഹായം നല്‍കി. ഏകദേശം 33 രോഗികളുടെ 331,000 ദിര്‍ഹത്തിന്റെ തികിത്സാ കടങ്ങളും ഷാര്‍ജാ ചാരിറ്റി ഇന്റര്‍നാഷണല്‍ ഏറ്റെടുക്കുകയും വീട്ടുകയും ചെയ്തിട്ടുണ്ട്.

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികള്‍ക്ക് ചാരിറ്റി വലിയൊരു ആശ്വാസമാണെന്നും ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിച്ചിട്ടുണ്ടെന്നും ഡയറക്ടര്‍ മുഹമ്മദ് സലീം അല്‍ മനേഇ പറഞ്ഞു. കൂടാതെ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വരും കാലങ്ങളില്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യസ്നേഹികളും സമൂഹിക പ്രവർത്തകരും വൈദ്യസഹായ പദ്ധതികളെ തുടര്‍ന്നും പിന്തുണയ്ക്കണം എന്നും ഇത്തരം ആളുകളുടെ സംഭാവനകള്‍ ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് നിര്‍ണായക സഹായമാകുമെന്നും അവരുടെ ജീവിതം തുടരാനുള്ള പുതിയ പ്രതീക്ഷ നല്‍കുമെന്നും പറഞ്ഞു.

Content Highlight: Sharjah Charity International has provided AED 23.5 million in medical assistance to 799 patients

To advertise here,contact us