അന്ന് ഒപ്പുവെച്ചത് വെറുമൊരു ഉടമ്പടിയിലായിരുന്നില്ല,7എമിറേറ്റുകൾ ചേർന്ന മാതൃകാ രാജ്യം;'UAE'ക്ക് ഇന്ന് 55ാം വയസ്

1971 ജൂലൈ 18ന് അന്നത്തെ യുഎഇ എമിറേറ്റുകളുടെ ഭരണാധികാരികള്‍ ഒത്തുചേര്‍ന്ന് ചരിത്രപ്രസിദ്ധമായ യൂണിയന്‍ പ്രഖ്യാപനത്തിലും യുഎഇ ഭരണഘടനയിലും ഒപ്പുവെച്ചു

യുഎഇ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ 'ഐക്യ പ്രതിജ്ഞാ ദിനം' (യൂണിയന്‍ പ്ലെഡ്ജ് ഡേ) ഇന്ന് രാജ്യം വിപുലമായി ആചരിക്കുകയാണ്. കൃത്യം 55 വര്‍ഷങ്ങള്‍ക്ക് മുമ്പ്, അതായത് 1971 ജൂലൈ 18ന് അന്നത്തെ യുഎഇ എമിറേറ്റുകളുടെ ഭരണാധികാരികള്‍ ഒത്തുചേര്‍ന്ന് ചരിത്രപ്രസിദ്ധമായ യൂണിയന്‍ പ്രഖ്യാപനത്തിലും യുഎഇ ഭരണഘടനയിലും ഒപ്പുവെച്ചു. ഇതിന്റെ ഓര്‍മയ്ക്കായാണ് യുഎഇയില്‍ ഐക്യ പ്രതിജ്ഞാ ദിനം ആചരിക്കുന്നത്.

സ്വതന്ത്ര പ്രവിശ്യകളായിരുന്ന അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉം അല്‍ ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ എന്നീ എമിറേറ്റുകള്‍ സ്വന്തം ഭരണാധികാരികള്‍ക്ക് കീഴില്‍ പ്രത്യേകമായി നിലനിന്നിരുന്ന പ്രദേശങ്ങളായിരുന്നു. 1971-ല്‍ രാഷ്ട്രപിതാവായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെയും മറ്റ് ഭരണാധികാരികളുടെയും ദീര്‍ഘവീക്ഷണത്തിന്റെ ഫലമായി ഏഴില്‍ ആറ് എമിറേറ്റുകള്‍ ഒന്നിച്ചതോടെയാണ് ഇന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് രൂപീകൃതമായത്. പിന്നാലെ ഡിസംബര്‍ രണ്ടിനാണ് രാജ്യം ഔദ്യോഗികമായി നിലവില്‍ വന്നത്. ആദ്യം റാസല്‍ ഖൈമ ഈ കൂട്ടായ്മയില്‍ ചേര്‍ന്നിരുന്നില്ല. എന്നാല്‍ 1972 ഫെബ്രുവരി 10-ന് അവരും ഈ യൂണിയന്റെ ഭാഗമായി മാറി.

യുഎഇ രൂപീകൃതമാകുന്നതിന് മുമ്പ് 'ട്രൂഷ്യല്‍ സ്റ്റേറ്റ്‌സ്' എന്നായിരുന്നു ഈ എമിറേറ്റുകളുടെ കൂട്ടം അറിയപ്പെട്ടിരുന്നത്. 19-ാം നൂറ്റാണ്ട് മുതല്‍ ബ്രിട്ടനുമായി ഒപ്പുവെച്ച വിവിധ സമാധാന ഉടമ്പടികളുടെ അടിസ്ഥാനത്തിലാണ് ഈ എമിറേറ്റുകള്‍ക്ക് 'ട്രൂഷ്യല്‍ സ്റ്റേറ്റ്‌സ്' എന്ന പേര് ലഭിച്ചത്. മീന്‍പിടുത്തം, ഒട്ടക വളര്‍ത്തല്‍, ചെറിയ തോതിലുള്ള കൃഷി, കടല്‍ വഴിയുള്ള വ്യാപാരം എന്നിവയായിരുന്നു ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗങ്ങള്‍. 1950-കളുടെ അവസാനത്തിലും 1960-കളിലും ഈ പ്രദേശങ്ങളില്‍ വന്‍തോതില്‍ എണ്ണ നിക്ഷേപം കണ്ടെത്തി. ഇത് മേഖലയുടെ സാമ്പത്തിക അടിത്തറയെ പൂര്‍ണ്ണമായി മാറ്റിമറിച്ചു. ഈ സമയത്താണ് ട്രൂഷ്യല്‍ സ്റ്റേറ്റ്‌സുമായുള്ള കരാറുകളില്‍ നിന്ന് ബ്രിട്ടന്‍ പിന്മാറുന്നത്. അതിനും ചില കാരണങ്ങളുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ബ്രിട്ടന്റെ സാമ്പത്തിക ഭദ്രത തകര്‍ന്നിരുന്നു. തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ബ്രിട്ടീഷ് കറന്‍സിയായ 'പൗണ്ടിന്റെ' മൂല്യത്തകര്‍ച്ചയും വിദേശത്തുള്ള സൈനിക ചെലവുകള്‍ ചുരുക്കാന്‍ അവരെ നിര്‍ബന്ധിതരാക്കി. 1960-കളില്‍ എണ്ണ നിക്ഷേപം കണ്ടെത്തിയതോടെ യുഎഇയിലെ എമിറേറ്റുകള്‍ക്ക് സ്വന്തമായി വികസിക്കാനുള്ള സാമ്പത്തിക ശേഷി കൈവന്നിരുന്നു. അതിനാല്‍ ബ്രിട്ടന്റെ സാമ്പത്തിക സഹായമില്ലാതെ തന്നെ ഈ പ്രദേശങ്ങള്‍ക്ക് നിലനില്‍ക്കാന്‍ കഴിയുമെന്ന സാഹചര്യം രൂപപ്പെട്ടു. ബ്രിട്ടന്റെ പെട്ടെന്നുള്ള പിന്മാറ്റ പ്രഖ്യാപനം തുടക്കത്തില്‍ ഈ മേഖലയില്‍ ഒരു രാഷ്ട്രീയ അനിശ്ചിതത്വം സൃഷ്ടിച്ചെങ്കിലും അത് എമിറേറ്റ്‌സ് ഭരണാധികാരികളെ ഒരുമിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും 1971-ല്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്ന ശക്തമായ ഒരു ഫെഡറല്‍ രാജ്യത്തിന്റെ രൂപീകരണത്തിന് വഴിതെളിക്കുകയുമാണുണ്ടായത്.

ഭിന്നിച്ചുനിന്നിരുന്ന വിവിധ എമിറേറ്റുകളെ ഒന്നിപ്പിച്ച് ഒരൊറ്റ രാജ്യമാക്കുക എന്ന ദൗത്യം ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ ഏറ്റെടുത്തു. ദുബായിലെ അന്നത്തെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് റാഷിദ് ബിന്‍ സായിദ് അല്‍ മക്തൂം ഈ മുന്നേറ്റത്തിന് ഉറച്ച പിന്തുണ നല്‍കി. ഇരുവരും തമ്മിലുള്ള സൗഹൃദമായിരുന്നു യുഎഇ രൂപീകരണത്തിന് അടിത്തറയിട്ടത്. 1966 മുതല്‍ 2004 വരെ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താനായിരുന്നു യുഎഇയുടെ ഭരണാധികാരി. അടിസ്ഥാന സൗകര്യ വികസനം, സൗജന്യ വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, വിദേശനയം തുടങ്ങി നിരവധി മേഖലയില്‍ ഇക്കാലയളവില്‍ നേട്ടങ്ങളുണ്ടായി. പിന്നീട് യുഎഇയുടെ ഭരണത്തിന്റെ തലപ്പത്തെത്തിയവരും വികസനപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

ഇന്ന് ദുബായ്, അബുദാബി തുടങ്ങിയ നഗരങ്ങള്‍ ആഗോള ബിസിനസ്സ്, ടൂറിസം കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ 'ബുര്‍ജ് ഖലീഫ' ഇതിനൊരു ഉദാഹരണമാണ്. കേവലം എണ്ണപ്പാടങ്ങളെ മാത്രം ആശ്രയിച്ചിരുന്ന ഒരു സമ്പദ്വ്യവസ്ഥയില്‍ നിന്ന് മാറി ടൂറിസം, വ്യോമയാനം, സാമ്പത്തിക സേവനങ്ങള്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയിലൂടെ സാമ്പത്തിക സ്രോതസ്സുകള്‍ യുഎഇ കൈവരിച്ചു. 2021-ല്‍ 'ഹോപ്പ് പ്രോബ്' ചൊവ്വയുടെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിച്ചുകൊണ്ട് ബഹിരാകാശ ഗവേഷണ രംഗത്ത് യുഎഇ ചരിത്രം കുറിച്ചു.

മലയാളികള്‍ ഉള്‍പ്പെടെ ലോകത്തിലെ എല്ലാ മേഖലകളില്‍ നിന്നുള്ളവര്‍ക്കും ജീവിതമാര്‍ഗം കണ്ടെത്താന്‍ കഴിയുന്ന ഒരു ആഗോള തൊഴില്‍ അവസരങ്ങളുടെ ഹബ്ബാണ് ഇന്ന് യുഎഇ. കേവലം അഞ്ച് പതിറ്റാണ്ടുകള്‍ കൊണ്ട് ഒരു മരുഭൂമി പ്രദേശത്തെ ലോകത്തെ ഏറ്റവും വികസിതവും സുരക്ഷിതവുമായ രാജ്യങ്ങളിലൊന്നാക്കി മാറ്റാന്‍ കഴിഞ്ഞു എന്നതാണ് യുഎഇയുടെ ഏറ്റവും വലിയ നേട്ടം.

Content Highlights: The United Arab Emirates marks Union Pledge Day as a national observance celebrating unity, patriotism, and the vision of the nation's founding leaders

To advertise here,contact us