ദുബായിൽ സ്ഫോടനമെന്ന വ്യാജ വാർത്ത: രാജ്യാന്തര മാധ്യമത്തിനെതിരെ യുഎഇയിൽ അന്വേഷണം ശക്തം

സംഭവം വിവാദമായതോടെ വാർത്താ ഏജൻസി റിപ്പോർട്ട് പിൻവലിച്ച് ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ചിരുന്നു

ഡൗൺടൗൺ ദുബായിൽ വൻ സ്ഫോടന ശബ്ദം കേട്ടെന്ന വ്യാജ വാർത്ത നൽകിയ അന്താരാഷ്ട്ര വാർത്താ ഏജൻസിക്കെതിരെ യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ഊർജ്ജിതമാക്കി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് വാർത്ത നൽകിയ റിപ്പോർട്ടറുടെ മൊഴി അധികൃതർ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഈ വ്യാജ വാർത്തയ്ക്ക് അനുമതി നൽകിയ എഡിറ്റർമാർ ഉൾപ്പെടെയുള്ള മറ്റ് ഉത്തരവാദികളെ ചോദ്യം ചെയ്യാനായി പബ്ലിക് പ്രോസിക്യൂഷൻ വിളിച്ചുവരുത്തി.

സംഭവം വിവാദമായതോടെ വാർത്താ ഏജൻസി റിപ്പോർട്ട് പിൻവലിച്ച് ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഖേദപ്രകടനം നടത്തിയത് കൊണ്ട് മാത്രം നിയമനടപടികളിൽ നിന്ന് ഒഴിവാക്കില്ലെന്ന് യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ഷംസി കണിശമായി വ്യക്തമാക്കി. മാധ്യമപ്രവർത്തനത്തിലെ നിയമപരവും പ്രൊഫഷണലുമായ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചതിനാണ് വാർത്താ ഏജൻസിക്കും അതിലെ ജീവനക്കാർക്കുമെതിരെ ഇപ്പോൾ കർശനമായ അന്വേഷണം നടക്കുന്നത്.

പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്തുന്നതും രാജ്യത്തിന്റെ സുരക്ഷയെയും പ്രതിച്ഛായയെയും ബാധിക്കുന്നതുമായ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ യുഎഇയിൽ കടുത്ത നിയമങ്ങളാണ് നിലവിലുള്ളത്. ഇത്തരം വാർത്തകൾ നൽകുന്നതിന് മുൻപ് കൃത്യമായ ഔദ്യോഗിക സ്ഥിരീകരണം ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ മാധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു.

Content Highlights: The UAE has stepped up its investigation into an international media organization accused of publishing false reports about an explosion in Dubai. Authorities reiterated their commitment to combating misinformation and taking legal action against the spread of fake news.

To advertise here,contact us