ഹെൻലി പാസ്പോർട്ട് ഇൻഡക്സിന്റെ ഏറ്റവും പുതിയ റാങ്കിങ്ങിൽ ഇന്ത്യൻ പാസ്പോർട്ടിന് തിരിച്ചടി. ഈ വർഷത്തിന്റെ തുടക്കത്തിൽ പുറത്തുവന്ന റാങ്കിങ്ങിൽ 75-ാം സ്ഥാനത്തായിരുന്ന ഇന്ത്യൻ പാസ്പോർട്ട് ഇപ്പോൾ 80-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാൽ യുഎഇയിൽ താമസവിസയുള്ള ഇന്ത്യൻ പ്രവാസികൾക്ക് കൂടുതൽ യാത്രാ ആനുകൂല്യങ്ങൾ ലഭിക്കും.
മുൻകൂട്ടി വിസ എടുക്കാതെ തന്നെ ഇന്ത്യൻ പൗരന്മാർക്ക് ഇപ്പോഴും 56 രാജ്യങ്ങളിലേക്ക് പ്രവേശനമുണ്ട്. എങ്കിലും മറ്റ് രാജ്യങ്ങൾ യാത്രാ ഇളവുകളിൽ നൽകിയ മുന്നേറ്റമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. യുഎഇയിൽ താമസവിസയുള്ള ഇന്ത്യൻ പ്രവാസികൾക്ക് ഈ റാങ്കിനപ്പുറം കൂടുതൽ യാത്രാ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. യുഎഇ റെസിഡൻസ് വിസയുള്ള ഇന്ത്യക്കാർക്ക് അസർബൈജാൻ, ജോർജിയ, മൗറീഷ്യസ്, തായ്ലൻഡ്, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടുതൽ ലളിതമായ വിസ നടപടികളിലൂടെ സന്ദർശനം നടത്താൻ സാധിക്കും.
അന്താരാഷ്ട്ര വ്യോമഗതാഗത സംഘടനയുടെ ഡാറ്റ അടിസ്ഥാനമാക്കി 199 രാജ്യങ്ങളുടെ പാസ്പോർട്ടുകളാണ് ഹെൻലി പരിശോധിക്കുന്നത്. ഇന്ത്യയുടെ നിലവിലെ മൊബിലിറ്റി സ്കോർ 56 ആണ്. അതായത് വിസ രഹിതമായോ, വിസ ഓൺ അറൈവൽ വഴിയോ ഇന്ത്യക്കാർക്ക് 56 രാജ്യങ്ങളിലേക്ക് സന്ദർശനം നടത്താം. ഏഷ്യ, ആഫ്രിക്ക, കരീബിയൻ മേഖലകളിലെ രാജ്യങ്ങളാണ് വിസ ഇളവുള്ളവയിൽ ഭൂരിഭാഗവും. മലേഷ്യ, തായ്ലൻഡ്, മാലദ്വീപ്, മൗറീഷ്യസ്, നേപ്പാൾ, ഭൂട്ടാൻ, കെനിയ, കസാക്കിസ്ഥാൻ, സീഷെൽസ്, ഖത്തർ, ഇൻഡോനേഷ്യ, ശ്രീലങ്ക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ അമേരിക്ക, യുകെ, യൂറോപ്പിലെ ഷെംഗൻ മേഖല തുടങ്ങിയ ജനപ്രിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യക്കാർക്ക് ഇപ്പോഴും മുൻകൂട്ടി എടുത്ത വിസ നിർബന്ധമാണ്.
അതിനിടെ, പാസ്പോർട്ട് റാങ്കിങ് തിരിച്ചടിയല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയുടെ വിസ രഹിത രാജ്യങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ലെങ്കിലും മറ്റ് രാജ്യങ്ങൾ വേഗത്തിൽ പുതിയ ഉഭയകക്ഷി കരാറുകൾ ഒപ്പിടുമ്പോൾ റാങ്കിങ്ങിൽ മാറ്റങ്ങൾ സംഭവിക്കാം. ഒരു രാജ്യത്തിന്റെ സാമ്പത്തിക ശക്തിയോ ആഗോള സ്വാധീനമോ മാത്രം നോക്കിയല്ല ഈ റാങ്കിങ് നിർണ്ണയിക്കുന്നതെന്ന് വിദഗ്ധർ കൂട്ടിച്ചേർത്തു.
Content Highlights: India’s passport ranking has declined by five positions in the latest global index. However, Indian expatriates in the UAE continue to benefit from certain travel exemptions and easier mobility options.