റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഫീസ് പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കുന്നു. 2026 ജൂലൈ 17 വെള്ളിയാഴ്ച രാവിലെ മുതല്‍ ജൂലൈ 19 ഞായറാഴ്ച വരെയായിരിക്കും കോണ്‍സുലേറ്റ് കോംപ്ലക്സ് അടച്ചിടുക.
ഇതിന്റെ ഭാഗമായി ഈ മൂന്ന് ദിവസങ്ങളില്‍ കോണ്‍സുലേറ്റ് വളപ്പിലെ പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന് സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. സേവനങ്ങള്‍ ജൂലൈ 20 തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. തിങ്കളാഴ്ചത്തെ സേവനങ്ങള്‍ക്കുള്ള അപ്പോയിന്റ്മെന്റുകള്‍ ജൂലൈ 19 ഞായറാഴ്ച രാത്രി 8 മണി മുതല്‍ ബുക്ക് ചെയ്യാവുന്നതാണ്. അതേസമയം, അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട്, വിസ, സാക്ഷ്യപ്പെടുത്തല്‍ സേവനങ്ങള്‍ ജൂലൈ 17 വെള്ളിയാഴ്ച തടസ്സമില്ലാതെ പ്രവര്‍ത്തിക്കും.
പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന് സേവനങ്ങള്‍ക്കുള്ള കരാര്‍ സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്ന് ജൂലൈ 1 മുതല്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബായിലെ കോണ്‍സുലേറ്റും നേരിട്ടാണ് ഈ സേവനങ്ങള്‍ നല്‍കിവരുന്നത്. ഒരു പതിറ്റാണ്ടിലേറെയായി സേവനം നല്‍കിയിരുന്ന ബിഎല്‍എസിന് പകരം, കുറഞ്ഞ തുക ക്വോട്ട് ചെയ്ത് ടെന്‍ഡര്‍ നേടിയ കേരളം ആസ്ഥാനമായുള്ള 'അല്‍ഹിന്ദ്' ഗ്രൂപ്പിന് കരാര്‍ കൈമാറാനായിരുന്നു തീരുമാനം. എന്നാല്‍ ഭരണപരമായ കാരണങ്ങളാല്‍ ഈ മാറ്റം വൈകുകയായിരുന്നു.
ഇതിനിടെ, തങ്ങളെ വ്യക്തമായ കാരണങ്ങളില്ലാതെ ഒഴിവാക്കിയെന്ന് ആരോപിച്ച് ടെന്‍ഡറില്‍ പങ്കെടുത്ത മറ്റ് രണ്ട് കമ്പനികള്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് സേവന കരാറിനായി വീണ്ടും ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ടെന്‍ഡര്‍ തര്‍ക്കങ്ങളെ തുടര്‍ന്ന് നിലവില്‍ അപ്പോയിന്റ്മെന്റ് അടിസ്ഥാനത്തിലാണ് എംബസിയും കോണ്‍സുലേറ്റും നേരിട്ട് പ്രവാസികള്‍ക്ക് സേവനങ്ങള്‍ നല്‍കിവരുന്നത്. നിര്‍ബന്ധിത ഓണ്‍ലൈന്‍ ബുക്കിങ് വഴിയാണ് നിലവില്‍ അപ്പോയിന്റ്മെന്റുകള്‍ ക്രമീകരിക്കുന്നത്.
Content Highlight: The Indian Consulate in Dubai will temporarily suspend office operations due to road maintenance work in the area