അബുദാബിയിൽ ഇ-സ്കൂട്ടർ അപകടം; പിന്നാലെ കർശന മുന്നറിയിപ്പുമായി പൊലീസ്

കുട്ടികൾ സ്കൂട്ടർ ഉപയോഗിക്കുമ്പോൾ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ കുട്ടികളെ പഠിപ്പിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

അബുദാബിയിൽ ഇ-സ്കൂട്ടർ അപകടത്തിന് പിന്നാലെ അടിയന്തര സുരക്ഷാ മുന്നറിയിപ്പ് നൽകി പൊലീസ്. അപകടത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ അബുദാബി പൊലീസ് പുറത്തുവിട്ടു. നിർദ്ദിഷ്ട പാതകളിലൂടെയല്ലാതെ സ്കൂട്ടർ ഓടിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് വ്യക്തമാക്കിയാണ് പൊലീസ് ബോധവത്ക്കരണ വീഡിയോ പുറത്തുവിട്ടത്.

ഇ-സ്കൂട്ടർ യാത്രികർ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് പ്രധാന റോഡുകൾ മുറിച്ചുകടക്കുന്നതും വാഹനങ്ങൾ വരുന്നതിന്റെ എതിർദിശയിലൂടെ അപകടകരമായി ഓടിച്ച് അപകടത്തിൽപ്പെടുന്നതാണ് അബുദാബി പൊലീസ് പുറത്തുവിട്ട വീഡിയോയിൽ ഉള്ളത്. അശ്രദ്ധമായ ഡ്രൈവിങ് വൻ അപകടങ്ങളിലേക്കാണ് നയിക്കുന്നത്. ഇ-സ്കൂട്ടറുകൾക്ക് വേണ്ടി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള ട്രാക്കുകളിലൂടെയോ അനുവദനീയമായ സ്ഥലങ്ങളിലൂടെയോ മാത്രമേ യാത്ര ചെയ്യാവൂ എന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് കർശന നിർദ്ദേശം നൽകി.

പ്രധാന റോഡുകളിലോ ജനത്തിരക്കേറിയ സ്ഥലങ്ങളിലോ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കരുത്. യാത്രക്കാർ ഹെൽമെറ്റ്, കാൽമുട്ടുകൾക്കും കൈമുട്ടുകൾക്കുമുള്ള ഗാർഡുകൾ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ നിർബന്ധമായും ധരിക്കണം. കുട്ടികൾ സ്കൂട്ടർ ഉപയോഗിക്കുമ്പോൾ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ കുട്ടികളെ പഠിപ്പിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

ആധുനിക യാത്രാ ഉപാധികൾ ഉപയോഗിക്കുമ്പോൾ പോസിറ്റീവ് സിറ്റിസൺഷിപ്പ് കാത്തുസൂക്ഷിക്കാൻ പൊതുജനങ്ങൾ തയ്യാറാകണം. ട്രാഫിക് നിയമങ്ങൾ അനുസരിക്കുന്നതിലൂടെ മാത്രമേ അപകടങ്ങൾ കുറയ്ക്കാനും സുരക്ഷിതമായ യാത്രാ അന്തരീക്ഷം സൃഷ്ടിക്കാനും സാധിക്കൂ. 'സ്മാർട്ട് റോഡ് സേഫ്റ്റി' എന്ന തങ്ങളുടെ തന്ത്രപ്രധാനമായ ലക്ഷ്യം കൈവരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത പരിശോധനകളും ബോധവത്ക്കരണവും തുടരുമെന്നും അബുദാബി പൊലീസ് വ്യക്തമാക്കി.

Content Highlights: Following an e-scooter accident in Abu Dhabi, police issued a warning to riders about safety measures and compliance with traffic regulations. Authorities urged users to exercise caution while using electric scooters.

To advertise here,contact us