'മൂന്ന് പേരുടെ ജന്മദിന തിയതികൾ ചേർത്തുള്ള ടിക്കറ്റ്'; യുഎഇ ലോട്ടറി വിജയത്തിൽ പ്രതികരിച്ച് മലയാളി ഭാഗ്യശാലി

തന്റെയും ഭാര്യയുടെയും മകളുടെയും ജന്മദിന തീയതികൾ ചേർത്തുവെച്ച് എടുത്ത ലോട്ടറി ടിക്കറ്റിലൂടെയാണ് സുനിലിന് വിജയം സ്വന്തമാക്കിയിരിക്കുന്നത്

‌യുഎഇ ലോട്ടറി നറുക്കെടുപ്പിൽ 30 മില്യൺ ദിർഹത്തിന്റെ (ഏകദേശം 77 കോടി രൂപ) വൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ് അബുദാബിയിലെ മലയാളി പ്രവാസി സുനിൽ കുമാർ സദാശിവൻ. ജൂലൈ ഒന്നിന് നടന്ന നറുക്കെടുപ്പിലാണ് സുനിൽ വിജയം സ്വന്തമാക്കിയത്. പിന്നാലെ ജൂലൈ ആറിന് യുഎഇ ലോട്ടറി വിജയിയെ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. സമ്മാനത്തുക കൈമാറിയതിനൊപ്പം ഇപ്പോൾ സുനിലിന്റെ പ്രതികരണവും പുറത്തുവന്നിരിക്കുകയാണ്.

തന്റെയും ഭാര്യയുടെയും മകളുടെയും ജന്മദിന തീയതികൾ ചേർത്തുവെച്ച് എടുത്ത ലോട്ടറി ടിക്കറ്റിലൂടെയാണ് സുനിലിന് വിജയം സ്വന്തമാക്കിയിരിക്കുന്നത്. യുഎഇ ലോട്ടറിയുടെ 'ലക്കി ഡേ ഡ്രാ'യിലെ രണ്ടാമത്തെ മാത്രം വലിയ ഗ്രാൻഡ് പ്രൈസ് വിജയിയാണ് സുനിലെന്ന് ലോട്ടറി അധികൃതർ വ്യക്തമാക്കി.

അബുദാബിയിൽ മെയിന്റനൻസ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന സുനിൽ, സാധാരണയായി ടിക്കറ്റുകളിൽ കാണുന്ന റാൻഡം നമ്പറുകൾക്ക് പകരം തനിക്ക് ഏറ്റവും പ്രിയപ്പെട്ട തീയതികൾ തിരഞ്ഞെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ആദ്യം മകളുടെ ജന്മദിനവും പിന്നീട് തന്റെയും ഭാര്യയുടെയും ജന്മദിന തീയതികളും ചേർത്താണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. അടുത്തിടെ ഒരു സുഹൃത്തിനൊപ്പമാണ് സുനിൽ ലോട്ടറി എടുത്തു തുടങ്ങിയത്. ഇവർ ഒരുമിച്ച് എടുത്ത ആദ്യ ടിക്കറ്റിന് 100 ദിർഹം സമ്മാനം ലഭിച്ചിരുന്നു. ആ ആത്മവിശ്വാസത്തിൽ എടുത്ത രണ്ടാമത്തെ ടിക്കറ്റാണ് ഇവരുടെ ജീവിതം തന്നെ മാറ്റിമറിച്ചത്.

ജോലി കഴിഞ്ഞു മുറിയിലെത്തി വിശ്രമിക്കുമ്പോഴാണ് സുനിൽ തനിക്ക് സമ്മാനം അടിച്ച വിവരം അറിയുന്നത്. രാത്രി 9.45 ഓടെ ഫോണിൽ ഫലം പരിശോധിച്ചപ്പോൾ വലിയൊരു തുക സമ്മാനമായി ലഭിച്ചെന്ന് കണ്ട് അദ്ദേഹം ആദ്യം അത്ഭുതപ്പെട്ടു. കൺമുന്നിൽ കണ്ടത് വിശ്വസിക്കാൻ കഴിയാതെ സുഹൃത്തിനെ കാണിച്ച ശേഷമാണ് നാട്ടിലുള്ള ഭാര്യയെ വിളിച്ച് വിവരം അറിയിച്ചത്. സാധാരണ കുടുംബത്തിൽ നിന്നുള്ളവരായതുകൊണ്ട് തന്നെ വലിയ ആഗ്രഹങ്ങളൊന്നുമില്ലാതെ ജീവിച്ചിരുന്ന ഭാര്യ, ഇത്രയും വലിയ തുക ലഭിച്ചപ്പോൾ നമ്മൾ ഇത് എന്ത് ചെയ്യുമെന്നാണ് ആദ്യം ചോദിച്ചതെന്ന് സുനിൽ ഓർക്കുന്നു.

സുനിലിനെ സംബന്ധിച്ചിടത്തോളം ഈ നമ്പറുകൾ വെറുമൊരു ഭാഗ്യ തീയതികൾ മാത്രമായിരുന്നില്ല, മറിച്ച് ഏറെ വൈകാരികമായ ഒന്നായിരുന്നു. വിവാഹം കഴിഞ്ഞ് 12 വർഷത്തെ നീണ്ട കാത്തിരിപ്പിനും വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ച വന്ധ്യതാ ചികിത്സകൾക്കും ശേഷമാണ് ഇവർക്ക് ഒരു മകൾ ജനിക്കുന്നത്. ഇപ്പോൾ ഏഴ് വയസ്സുള്ള മകളുടെ ജനനവുമായി ബന്ധപ്പെട്ട നമ്പറുകൾ അതുകൊണ്ടുതന്നെ സുനിലിന് ഏറെ പ്രിയപ്പെട്ടതായിരുന്നു. തന്റെ മകളെ നല്ല രീതിയിൽ പഠിപ്പിച്ച് ഒരു ഡോക്ടറാക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമെന്ന് സുനിൽ വികാരാധീനനായി പറഞ്ഞു.

ഇത്രയും വലിയ തുക സമ്മാനമായി ലഭിച്ചിട്ടും വളരെ ലളിതമായ കാര്യങ്ങളാണ് സുനിലിന്റെ മനസ്സിലുള്ളത്. പണം കൈയിൽ കിട്ടിയാൽ ആദ്യം മകൾക്കൊരു സമ്മാനം വാങ്ങണം. വർഷങ്ങളായുള്ള കഠിനാധ്വാനത്തിന് ശേഷം ഇനി കുറച്ചുനാൾ വിശ്രമിക്കണമെന്നും നാട്ടിൽ പകുതിവഴിയിലായ വീടിന്റെ നിർമ്മാണം പൂർത്തിയാക്കണമെന്നും സുനിൽ ആഗ്രഹിക്കുന്നു. ഇതോടൊപ്പം തന്നെ തനിക്ക് ചുറ്റുമുള്ള ഭവനരഹിതരായ കുറച്ചുപേർക്ക് വീട് വെച്ചുനൽകാനും ഈ തുക ഉപയോഗിക്കും.

യുഎഇ ലോട്ടറി വളരെ വിശ്വസനീയമായ പ്ലാറ്റ്‌ഫോമാണെന്നും എപ്പോഴാണ് ഭാഗ്യം തേടിയെത്തുക എന്ന് പറയാൻ കഴിയില്ലെന്നും അതിനാൽ എല്ലാവരും ഇത് പരീക്ഷിക്കണമെന്നും സുനിൽ കുമാർ കൂട്ടിച്ചേർത്തു. ജനറൽ കൊമേഴ്‌സ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ പൂർണ്ണമായ നിയന്ത്രണത്തിലാണ് യുഎഇ ലോട്ടറി പ്രവർത്തിക്കുന്നത്. എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും രാത്രി 9.30-നാണ് ഇതിന്റെ നറുക്കെടുപ്പ് നടക്കുന്നത്. 30 മില്യൺ ദിർഹത്തിന്റെ ഒന്നാം സമ്മാനത്തിന് പുറമെ, അഞ്ച് മില്യൺ ദിർഹത്തിന്റെ രണ്ടാം സമ്മാനവും, ഉറപ്പായ 50,000 ദിർഹത്തിന്റെ മൂന്ന് ലക്കി ചാൻസ് സമ്മാനങ്ങളും ഈ ലോട്ടറിയിലൂടെ ലഭിക്കുന്നുണ്ട്.

Content Highlights: A Malayali in the UAE won a lottery prize with a ticket created using the birth dates of three people. The winner shared details of the lucky combination after the achievement.

To advertise here,contact us