കുവൈറ്റിന് നേരെയുണ്ടായ ഡ്രോണാക്രമണത്തില്‍ ഇറാനെ അപലപിച്ച് യുഎഇ.
കുവൈറ്റിന്റെ പരമാധികാരത്തിന് മേലുള്ള അതിക്രമമാണ് ഇറാന് നടത്തിയിട്ടുള്ളതെന്നും ഇത് രാജ്യസുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും യുഎഇ വിദേശകാര്യമന്ത്രാലയം പറഞ്ഞു.
കുവൈറ്റ് ഓയില്‍ കമ്പനി നടത്തുന്ന മൂന്ന് അതിര്‍ത്തി പോസ്റ്റുകളും ഒരു ഓഫ്ഷോര്‍ ഡ്രില്ലിംഗ് പ്ലാറ്റ്ഫോമും ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണം.
നിരവധി വസ്തുക്കള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇറാനെതിരെ പ്രതികരണവുമായി യുഎഇ രംഗത്തുവന്നിരിക്കുന്നത്. കുവൈറ്റിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടി പൂര്‍ണ ഐക്യവും പിന്തുണയും യുഎഇയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. കൂടാതെ പരിക്കുപറ്റിയവര്‍ പെട്ടന്ന് സുഖംപ്രാപിക്കട്ടെ എന്നും ആശംസിച്ചു.
ഹോര്‍മൂസ് കടലിടുക്കില്‍ വെച്ച് ഒരു വാണിജ്യ കപ്പലിന് നേരെ ഇറാന് നടത്തിയ ആക്രമണത്തിന് മറുപടിയായി, ഇന്നലെ പുലര്‍ച്ചെയാണ് യുഎസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ്, ഇറാന്റെ ഡ്രോണ്‍-മിസൈല്‍ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള 140 തന്ത്രപ്രധാന ലക്ഷ്യങ്ങള്‍ക്ക് നേരെ വന്‍ വ്യോമാക്രമണം നടത്തിയത്. തൊട്ടുപിന്നാലെ 'അമേരിക്കന്‍ അധിനിവേശത്തിന് തക്കതായ മറുപടി' എന്ന് പ്രഖ്യാപിച്ച് ഇറാന് ഗള്‍ഫ് മേഖലയിലുടനീളം വന്‍ സൈനിക പ്രത്യാക്രമണം അഴിച്ചുവിട്ടു.
സൗദി അറേബ്യ ഒഴികെയുള്ള അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലും ജോര്‍ദാനിലും ഇറാന്റെ ആക്രമണമുണ്ടായി. തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആളുകള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്ന് അതത് രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ആക്രമണ ശ്രമം ചെറുക്കുകയാണെന്നും നിലവില്‍ കേള്‍ക്കുന്ന സ്ഫോടന ശബ്ദങ്ങള്‍ വ്യോമ പ്രതിരോധ നടപടികളുടെ ഭാഗമാണെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ എല്ലാ പൗരന്മാരും താമസക്കാരും ഔദ്യോഗിക സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പ്രതിരോധ മന്ത്രാലയം അഭ്യര്‍ഥിച്ചു.
Content Highlight: UAE has condemned the reported Iranian drone attack targeting Kuwait, reaffirming its support for Kuwait's security amid rising regional tensions