ദുബായില്‍ സ്വര്‍ണവില കുറയുന്നു. ഈ മാസത്തെ ഏറ്റവും കുറവ് വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചയില്‍ സ്വര്‍ണവില കുറയാത്തതിനാല്‍ സ്വര്‍ണം വാങ്ങിയവരുടെ എണ്ണം കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇന്ന് രാവിലെ 24 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 488.75 ദിര്‍ഹമാണ് വില. ഇന്നലെ ഇത് 496.50 ദിര്‍ഹമായിരുന്നു. ജൂലൈ മാസം തുടങ്ങിയതിന് ശേഷം ആദ്യമായി 1.6 ശതമാനത്തിന്റെ കുറവ് ഇന്നത്തെ സ്വര്‍ണവിലയില്‍ രേഖപ്പെടുത്തുന്നുണ്ട്.
22 കാരറ്റിന് ഗ്രാമിന് 7.25 ദിര്‍ഹത്തിന്റെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്ന് 452.50 ദിര്‍ഹമാണ് 22 കാരറ്റിന്റെ വില. ഇന്നലെ 459.75 ദിര്‍ഹമായിരുന്നു.
ഈ മാസം തുടക്കത്തില്‍ ദുബായിയില്‍ സ്വര്‍ണവില കൂടിയിരുന്നു. ജൂലൈ മൂന്നിന് 24 കാരറ്റ് സ്വര്‍ണത്തിന് 500 ദിര്‍ഹവും ജൂലൈ നാലിനും അഞ്ചിനും 503 ദിര്‍ഹവുമായിരുന്നു വില. പിന്നീട് ജൂലൈ എട്ട് ആകുമ്പോഴേക്ക് സ്വര്‍ണവില 490 ദിര്‍ഹമായി കുറഞ്ഞിരുന്നു. പിന്നീട് അത് 497.25 ദിര്‍ഹമായി ഉയരുകയും ചെയ്തു.
വാരാന്ത്യത്തോടെ അമേരിക്കയും ഇറാനും തമ്മിലുള്ള ആക്രമണം ശക്തമായതിനെ തുടര്‍ന്ന് മൂല്യമേറിയ ലോഹങ്ങളുടെ വില്‍പ്പന ഉയര്‍ന്നതാണ് സ്വര്‍ണവില കൂടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ദുബായിയില്‍ മാത്രമല്ല, അന്താരാഷ്ട്ര വിപണിയില്‍ ഈ വര്‍ഷം ജനുവരിയില്‍ രേഖപ്പെടുത്തിയ 5,595 ഡോളര്‍ എന്ന റെക്കോര്‍ഡ് നിരക്കില്‍ നിന്നും 27 ശതമാനത്തോളം ഇടിഞ്ഞ് നിലവില്‍ സ്വര്‍ണ്ണവില 'ബെയര്‍ മാര്‍ക്കറ്റ്' പരിധിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. സ്വര്‍ണ്ണത്തിന്റെ ഈ വിലയിടിവ് അവസാനിക്കില്ലെന്നും നിലവിലെ നിരക്കില്‍ നിന്നും 16 ശതമാനം വരെ ഇടിഞ്ഞ് വില ഔണ്‍സിന് 3400-3500 ഡോളര്‍ നിരക്കിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്നുമാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
യുഎസ്-ഇറാന് സംഘര്‍ഷത്തെ തുടര്‍ന്ന് അസംസ്കൃത എണ്ണവില 4 ശതമാനം ഉയര്‍ന്നതും, അമേരിക്കന്‍ ഡോളര്‍ ശക്തിപ്രാപിച്ചതുമാണ് വില കുത്തനെ ഇടിയാന്‍ കാരണമായത്. ഇതേത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില 1.5 ശതമാനം ഇടിഞ്ഞ് 4,057 ഡോളറിലേക്ക് എത്തിയിരുന്നു. ഫെബ്രുവരി അവസാനത്തിന് ശേഷം മാത്രം രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണവിലയില്‍ 23 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
Content Highlight: Gold prices in Dubai fell again today, reaching their lowest level so far this month