ഡെലിവറി തൊഴിലാളികൾക്കായി 12,000ത്തിലധികം എസി വിശ്രമ കേന്ദ്രങ്ങൾ; പദ്ധതിയുമായി യുഎഇ

തുടർച്ചയായ നാലാം വർഷമാണ് യുഎഇ ഡെലിവറി തൊഴിലാളികൾക്കായി വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുന്നത്

യുഎഇയിൽ ഉടനീളമുള്ള ഡെലിവറി തൊഴിലാളികൾക്കായി എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള 12,000-ത്തിലധികം എയർകണ്ടീഷൻഡ് വിശ്രമ കേന്ദ്രങ്ങൾ ഒരുക്കാൻ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. വിവിധ സർക്കാർ സ്ഥാപനങ്ങളിലെയും സ്വകാര്യ മേഖലയിലെയും പങ്കാളികളുമായി സഹകരിച്ചാണ് വിശ്രമ കേന്ദ്രങ്ങൾ തയ്യാറാക്കുക.

വേനൽച്ചൂടിന്റെ ഭാ​ഗമായി 2026 ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ, ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെ നേരിട്ടുള്ള സൂര്യപ്രകാശത്തിലും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്നതിന് യുഎഇയിൽ വിലക്കുണ്ട്. ഈ കാലയളവിൽ ഡെലിവറി തൊഴിലാളികൾക്ക് ഈ വിശ്രമ കേന്ദ്രങ്ങൾ ഉപയോഗിക്കാനാകും.

തുടർച്ചയായ നാലാം വർഷമാണ് യുഎഇ ഡെലിവറി തൊഴിലാളികൾക്കായി വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുന്നത്. തൊഴിൽ വിപണിയിലെ യുഎഇയുടെ ജനപക്ഷ സമീപനത്തെയും തൊഴിലിടങ്ങളിലെ ശക്തമായ ആരോഗ്യ-സുരക്ഷാ സംസ്കാരത്തെയുമാണ് ഈ പ്രവർത്തനം കാണിക്കുന്നത്.

ഡെലിവറി തൊഴിലാളികൾ ചില സാധനങ്ങൾ കൃത്യസമയത്ത് തന്നെ ഉപഭോക്താക്കളിൽ എത്തിക്കേണ്ടതുണ്ട്. അതിനാൽ, ഡെലിവറി തൊഴിലാളികൾക്ക് ജോലി ചെയ്യുന്നതിനിടയിൽ ആവശ്യമുള്ളപ്പോൾ ഏറ്റവും അടുത്തുള്ള വിശ്രമ കേന്ദ്രം ഉപയോഗിക്കാവുന്നതാണ്. അവരുടെ ഉപകരണങ്ങളിലെ ആപ്പുകളിൽ ലഭ്യമായ ഇന്ററാക്ടീവ് മാപ്പുകൾ വഴി ഈ വിശ്രമ കേന്ദ്രങ്ങൾ എളുപ്പത്തിൽ കണ്ടെത്താനാകും.

നിയന്ത്രണങ്ങളുള്ള സമയങ്ങളിൽ ജോലി തുടരുന്നതിനോ അല്ലെങ്കിൽ താൽക്കാലികമായി നിർത്തിവെക്കുന്നതിനോ ഉള്ള ഓപ്ഷൻ ഡെലിവറി തൊഴിലാളികൾക്ക് നൽകിയിട്ടുണ്ട്. അവർ ജോലി ചെയ്യുന്ന കമ്പനിയുമായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

Content Highlights: The UAE has introduced over 12,000 air-conditioned rest centres for delivery workers as part of efforts to improve worker welfare and safety during the summer. The initiative aims to provide comfortable spaces for rest, hydration, and relief from high temperatures.

To advertise here,contact us