യുഎഇയിൽ മികച്ച സ്വകാര്യ കമ്പനികൾക്കും ജീവനക്കാർക്കും വലിയ സാമ്പത്തിക പ്രതിഫലം വാഗ്ദാനം ചെയ്ത് എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ്. മന്ത്രാലയ ഫീസിളവുകൾക്ക് പുറമെ ഒരു ലക്ഷം ദിർഹം വരെയുള്ള ക്യാഷ് പ്രൈസുകളാണ് വിജയികളെ കാത്തിരിക്കുന്നത്. സ്വകാര്യ മേഖലയിൽ മികച്ച തൊഴിൽ അന്തരീക്ഷം ഒരുക്കുക, നവീകരണത്തെ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം ഈ അവാർഡ് ഏർപ്പെടുത്തിയത്.
യുഎഇയിലുടനീളമുള്ള ജോലിസ്ഥലങ്ങളിൽ നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും തൊഴിൽ നിലവാരം ഉയർത്തുകയുമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. അവാർഡിന് അർഹരാകുന്ന കമ്പനികൾക്ക് മന്ത്രാലയ സേവന ഫീസുകളിൽ വലിയ ഇളവുകൾ ലഭിക്കും. പ്രൊഫഷണൽ മികവ് തെളിയിക്കുന്ന ജീവനക്കാർക്ക് ഒരു ലക്ഷം ദിർഹം വരെയാണ് ക്യാഷ് റിവാർഡ് നൽകുക.
തൊഴിലാളികളുടെ ക്ഷേമം, സ്വദേശിവത്ക്കരണം, ഉത്പ്പാദനക്ഷമത എന്നിവയ്ക്ക് മുൻഗണന നൽകി ലോകത്തെ ഏറ്റവും മികച്ച തൊഴിൽ വിപണിയായി യുഎഇയെ മാറ്റുകയാണ് ലക്ഷ്യം. കേവലം ലാഭത്തിനപ്പുറം ജീവനക്കാരുടെ ജീവിതനിലവാരം ഉയർത്താൻ ശ്രമിക്കുന്ന കമ്പനികളെയും സമൂഹത്തിന് മികച്ച സംഭാവന നൽകുന്ന തൊഴിലാളികളെയും ഈ വേദിയിൽ ആദരിക്കും.
ബിസിനസ് വളർച്ചയിൽ മാത്രമല്ല, ജോലിസ്ഥല സംസ്കാരത്തിലും മനുഷ്യവികസനത്തിലും മത്സരിക്കാൻ ഈ അവാർഡ് കമ്പനികളെ പ്രോത്സാഹിപ്പിക്കും. സ്വകാര്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന യുഎഇയുടെ ദീർഘകാല കാഴ്ചപ്പാടിനെയാണ് ഈ അവാർഡ് പ്രതിഫലിപ്പിക്കുന്നത്. അവാർഡിനായുള്ള അപേക്ഷകൾ ഉടൻ ആരംഭിക്കുമെന്നും പ്രകടനവും സാമൂഹിക ഉത്തരവാദിത്തവും വിലയിരുത്തിയാകും വിജയികളെ തിരഞ്ഞെടുക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.
Content Highlights: Authorities have announced a new initiative offering cash rewards to private companies and employees for outstanding performance. The scheme aims to encourage productivity, improve workplace standards, and recognize excellence in the private sector.