ചൂട് കൂടുന്നു, കുട്ടികളുടെ കായിക പരിശീലനത്തിൽ ജാഗ്രത വേണം; മുന്നറിയിപ്പുമായി യുഎഇ ആ​രോഗ്യമന്ത്രാലയം

മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളുടെ ശരീരത്തിന് താപനില സ്വയം നിയന്ത്രിക്കാനുള്ള ശേഷി കുറവാണെന്ന് അധികൃതർ

യുഎഇയിൽ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ ഔട്ട്ഡോർ കായിക പരിശീലനങ്ങളിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. കുട്ടികളിലെ അമിത ക്ഷീണത്തെ വെറുതെ തള്ളിക്കളയരുതെന്നും അത് ഹീറ്റ് സ്ട്രെസിന്റെയോ നിർജ്ജലീകരണത്തിന്റെയോ ആദ്യ ലക്ഷണങ്ങൾ ആകാമെന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

35 ഡിഗ്രിക്ക് മുകളിൽ ചൂടും ഉയർന്ന ഹുമിഡിറ്റിയും ഉള്ളപ്പോൾ ഉച്ചയ്ക്ക് ശേഷം കുട്ടികളുടെ ഔട്ട്ഡോർ ട്രെയിനിംഗുകൾ പൂർണ്ണമായി ഒഴിവാക്കണമെന്നാണ് നിർദ്ദേശം. ഔട്ട്ഡോർ കായിക പരിശീലനങ്ങളിൽ അതീവ ജാഗ്രത വേണമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളുടെ ശരീരത്തിന് താപനില സ്വയം നിയന്ത്രിക്കാനുള്ള ശേഷി കുറവാണ്. അതുകൊണ്ടുതന്നെ അവർക്ക് ഹീറ്റ് സ്ട്രെസ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കളിസ്ഥലങ്ങളിൽ കുട്ടികൾ കാണിക്കുന്ന പെട്ടെന്നുള്ള പെരുമാറ്റ വ്യത്യാസങ്ങളും പ്രകടനത്തിലെ കുറവുമാണ് ഇതിന്റെ ആദ്യ ലക്ഷണങ്ങൾ. പലപ്പോഴും കോച്ചുമാരും മാതാപിതാക്കളും ഇത് വെറും ക്ഷീണമോ താല്പര്യക്കുറവോ ആയി തെറ്റിദ്ധരിക്കാറാണ് പതിവ്.

കുട്ടികളുടെ പ്രായത്തിനനുസരിച്ച് ലക്ഷണങ്ങളിൽ വ്യത്യാസമുണ്ടാകാമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അഞ്ച് മുതൽ പത്ത് വയസ്സുവരെയുള്ള കുട്ടികൾ പെട്ടെന്ന് നിശബ്ദരാകുകയോ, ശാഠ്യം പിടിക്കുകയോ, തലവേദനയും വയറുവേദനയും ഉണ്ടെന്ന് പറയുകയോ ചെയ്യാം. കളികളത്തിൽ പെട്ടെന്ന് സ്ലോ ആകുകയോ ഇടയ്ക്കിടെ ബ്രേക്ക് ആവശ്യപ്പെടുകയോ ചെയ്യുന്നതും ശ്രദ്ധിക്കണം. എന്നാൽ 11 മുതൽ 17 വയസ്സുവരെയുള്ള മുതിർന്ന കുട്ടികൾ പലപ്പോഴും കളികളത്തിൽ നിന്ന് പുറത്താകാതിരിക്കാൻ ലക്ഷണങ്ങൾ ഒളിച്ചുവെക്കാറുണ്ട്. തലക്കറക്കം, മനംപുരട്ടൽ, പേശിവലിവ്, ശ്രദ്ധക്കുറവ് എന്നിവയാണ് ഇവരിൽ കാണുന്നത്. ഛർദ്ദി, ബോധക്ഷയം, അസ്ഥിരമായ നടത്തം, അമിത ചൂടിലും വിയർക്കാതിരിക്കുക എന്നിവ കണ്ടാൽ ഉടൻ നിർത്തിച്ച് അടിയന്തര ചികിത്സ തേടണമെന്നും ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.

Content Highlights: With temperatures increasing across the UAE, the Health Ministry has issued a warning emphasizing safety measures during children's sports training sessions. The ministry urged adequate hydration, avoiding peak heat hours, monitoring for signs of heat exhaustion, and ensuring safe training environments to protect young athletes.

To advertise here,contact us