വിദേശ രോഗികൾക്ക് ദുബായിലേക്ക് കൂടുതൽ വേഗത്തിലും എളുപ്പത്തിലും എത്തിച്ചേരാൻ പുത്തൻ 'സ്മാർട്ട് മെഡിക്കൽ വിസ' പദ്ധതി ഒരുങ്ങുന്നു. വിസ നടപടിക്രമങ്ങളിലെ പേപ്പർ വർക്കുകൾ ഒഴിവാക്കി അതിവേഗം ചികിൽസ ലഭ്യമാക്കാൻ ഈ ഡിജിറ്റൽ സംവിധാനം സഹായിക്കും. ദുബായ് ഇമിഗ്രേഷൻ വകുപ്പും , ദുബായ് ഹെൽത്ത് അതോറിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
വിദേശത്ത് നിന്ന് ദുബായിലേക്ക് വിമാനമാർഗ്ഗം എത്തുന്ന രോഗികളുടെ യാത്രയും ചികിത്സയും സമ്മർദ്ദരഹിതമാക്കാൻ ലക്ഷ്യമിട്ടാണ് ദുബായ് സ്മാർട്ട് മെഡിക്കൽ വിസ അവതരിപ്പിക്കുന്നത്. ഇതിനായി ഒരുക്കുന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ രോഗികൾക്ക് തങ്ങളുടെ വിസ അപേക്ഷകൾ നൽകാനും, മെഡിക്കൽ രേഖകൾ അപ്ലോഡ് ചെയ്യാനും, വിമാന ടിക്കറ്റ് വിവരങ്ങൾ രേഖപ്പെടുത്താനും സാധിക്കും. അതോടൊപ്പം വിസ അപേക്ഷയുടെ തത്സമയ പുരോഗതി രോഗികൾക്ക് ഇതിലൂടെ കൃത്യമായി നിരീക്ഷിക്കാനാകും.
ഈ സ്മാർട്ട് സംവിധാനം വഴി ദുബായിലെ ആശുപത്രികളുമായി രോഗികൾക്ക് നേരിട്ട് കണക്ട് ചെയ്യാം. യാത്ര തിരിക്കും മുൻപ് തന്നെ ഡോക്ടർമാരുടെ അപ്പോയിന്റ്മെന്റ് ഉറപ്പാക്കാനും, വിർച്വൽ കൺസൾട്ടേഷൻ നടത്താനും, ഡിജിറ്റൽ വഴി ചികിൽസാ പ്ലാനും അതിന്റെ ചെലവുകളും മനസ്സിലാക്കാനും ഇതിലൂടെ സാധിക്കും. രോഗിയുടെ വിസ സ്റ്റാറ്റസ്, അപ്പോയിന്റ്മെന്റ് വിവരങ്ങൾ, ചികിൽസയുടെ ഘട്ടങ്ങൾ എന്നിവയെല്ലാം ഒരൊറ്റ ഡാഷ്ബോർഡിൽ ലഭ്യമാകും.
അടിയന്തരമായി ചികിൽസ തേടേണ്ടി വരുന്ന രോഗികൾക്ക് അതിവേഗത്തിൽ മെഡിക്കൽ വിസ ലഭ്യമാക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും. ആശുപത്രികൾക്ക് സർക്കാർ വകുപ്പുകളുമായി എളുപ്പത്തിൽ ഏകോപനം നടത്താൻ സാധിക്കുന്നതിനാൽ ഭരണപരമായ പേപ്പർ വർക്കുകൾ ഗണ്യമായി കുറയും. ഇത് വഴി ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും ഓഫീസ് ജോലികൾക്ക് പകരം രോഗീപരിചരണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. നൂതനമായ ഈ വിസ നടപടിക്രമങ്ങൾ ആഗോള മെഡിക്കൽ ടൂറിസം രംഗത്ത് ദുബായിയുടെ സ്ഥാനം കൂടുതൽ ശക്തമാക്കുമെന്നാണ് വിലയിരുത്തൽ.
Content Highlights: Dubai plans to launch a Smart Medical Visa program to simplify and accelerate travel procedures for patients seeking treatment from abroad. The initiative will enhance medical tourism, improve access to healthcare services, and attract more international patients to the emirate.