യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കായി പരിഷ്കരിച്ച പുതിയ ശമ്പള നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ ഉത്തരവ് പ്രകാരം ശമ്പളം വൈകിപ്പിക്കുന്ന തൊഴിലുടമകൾക്കെതിരെ യാത്രാവിലക്കും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കലും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാനടപടികളാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ മാസത്തെയും ഒന്നാം തീയതി തന്നെ മുൻമാസത്തെ ശമ്പളം വിതരണം ചെയ്യണമെന്നാണ് പുതിയ നിയമം വ്യക്തമാക്കുന്നത്.
യുഎഇയിലെ സ്വകാര്യ മേഖലയിലെ ലക്ഷക്കണക്കിന് ജീവനക്കാർക്ക് വലിയ സുരക്ഷിതത്വം ഉറപ്പുനൽകുന്നതാണ് പുതിയ വേതന സംരക്ഷണ നിയമം. പുതിയ വ്യവസ്ഥയനുസരിച്ച്, ഓരോ മാസത്തെയും ഒന്നാം തീയതി തന്നെ മുൻമാസത്തെ ശമ്പളം വിതരണം ചെയ്യണം. മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങളും വേതന സംരക്ഷണ സംവിധാനം അഥവാ WPS വഴി മാത്രമേ ശമ്പളം നൽകാവൂ. നിശ്ചിത തീയതിക്കുള്ളിൽ തൊഴിലാളികൾക്ക് നൽകേണ്ട ആകെ വേതനത്തിന്റെ കുറഞ്ഞത് 85 ശതമാനമെങ്കിലും കൈമാറിയാൽ മാത്രമേ സ്ഥാപനം നിയമം പാലിച്ചതായി കണക്കാക്കൂ.
ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ദിവസങ്ങളുടെ അടിസ്ഥാനത്തിൽ കടുത്ത ശിക്ഷാനടപടികളാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പളം വൈകിയാൽ രണ്ടാം ദിവസം മുതൽ കമ്പനികൾക്ക് ഇലക്ട്രോണിക് മുന്നറിയിപ്പുകൾ ലഭിക്കും. അഞ്ചാം ദിവസവും ശമ്പളം നൽകിയില്ലെങ്കിൽ പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തലാക്കും.പതിനൊന്നാം ദിവസത്തിലേക്ക് നീണ്ടാൽ വൻ തുക ഭരണപരമായ പിഴ ഈടാക്കുകയും സ്ഥാപനത്തെ 'മൂന്നാം വിഭാഗത്തിലേക്ക്' തരംതാഴ്ത്തുകയും ചെയ്യും. പതിനാറാം ദിവസവും ശമ്പളം മുടങ്ങിയാൽ തൊഴിലാളികൾക്ക് ഔദ്യോഗികമായി പരാതി നൽകാം. കൂടാതെ നിർമ്മാണം, ഗതാഗതം, സുരക്ഷ തുടങ്ങിയ മേഖലകളിലെ 25-ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം വരും.
നിയമലംഘനം ഇരുപത്തിയൊന്നാം ദിവസത്തിലേക്ക് കടന്നാൽ 50-ലധികം ജീവനക്കാരുള്ള കമ്പനികളുടെ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും ഉടമയ്ക്ക് യാത്രാവിലക്ക് ഏർപ്പെടുത്താനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ കോടതിയിൽ കേസുകൾ നിലവിലുള്ളവർ, ശമ്പളമില്ലാത്ത അവധിയിലുള്ളവർ, വിദേശ കമ്പനികളിൽ നിന്ന് ശമ്പളം വാങ്ങുന്നവർ, മൂന്ന് മാസത്തിൽ താഴെ കാലാവധിയുള്ള താൽക്കാലിക ജീവനക്കാർ എന്നിവരെ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾ പൂർണ്ണമായും സംരക്ഷിക്കുന്നതോടൊപ്പം ഗൾഫ് മേഖലയിലെ ഏറ്റവും സുതാര്യമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുകയുമാണ് യുഎഇ ഈ കർശന നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
Content Highlights: The UAE has implemented a new salary law designed to provide financial relief and improved wage transparency for both expatriates and citizens. The regulation is expected to strengthen labor protections and ensure fair compensation practices.