പശ്ചിമേഷ്യൻ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധി യുഎഇ പ്രവാസികളുടെ പെരുന്നാൾ ആഘോഷങ്ങളുടെ തിളക്കം കെടുത്തുന്നു. ഹോർമുസ് കടലിടുക്ക് അടച്ചതോടെ വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയർന്നതാണ് ജന്മനാട്ടിലേക്കുള്ള യാത്രകൾ മുടക്കിയത്. കടുത്ത സാമ്പത്തിക-മാനസിക ഞെരുക്കങ്ങൾക്കിടയിലും നാട്ടിലേക്കുള്ള യാത്ര മാറ്റിവെച്ച് യുഎഇയിൽ തന്നെ ലളിതമായി ഈദ് ആഘോഷിക്കാനൊരുങ്ങുകയാണ് പ്രവാസി സമൂഹം.
പ്രവാസികൾക്ക് കുടുംബത്തോടൊപ്പം ചേരാനുള്ള ഈദ് അവധിക്കാലം, ഇത്തവണ പശ്ചിമേഷ്യൻ യുദ്ധം സൃഷ്ടിച്ച അനിശ്ചിതത്വത്തിലാണ്. ഹോർമുസ് കടലിടുക്കിലെ തടസ്സം കേവലം എണ്ണവിലയെ മാത്രമല്ല, സാധാരണക്കാരുടെ ജീവിതത്തെയാണ് ബാധിച്ചതെന്ന് യുഎഇ വ്യവസായ മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. യുദ്ധം തുടങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇന്ധനവില മുപ്പത് ശതമാനവും വിമാന നിരക്കുകൾ ഇരുപത്തിയഞ്ച് ശതമാനവുമാണ് വർദ്ധിച്ചത്. ഈ പ്രതിസന്ധി ഉടനടി അവസാനിച്ചാലും 2027-ന് മുൻപ് ചരക്കുനീക്കം പൂർണ്ണതോതിലാകില്ലെന്നാണ് വിലയിരുത്തൽ.
ടിക്കറ്റ് നിരക്കുകൾ ഇരട്ടിയായതോടെ രണ്ട് വർഷത്തിന് ശേഷം നാട്ടിൽ പോകാനിരുന്ന പല പ്രവാസികളും യാത്രകൾ റദ്ദാക്കി. യാത്രാ പ്രതിസന്ധിക്ക് പുറമെ, വിപണിയിലെ മന്ദഗതി കാരണം തൊഴിലവസരങ്ങൾ കുറയുന്നതും പുതിയ നിയമനങ്ങൾ വൈകുന്നതും പ്രവാസികളിൽ മാനസിക സമ്മർദ്ദം കൂട്ടുന്നുണ്ട്. ഭാവിയെക്കുറിച്ചുള്ള ആശങ്ക കാരണം സാമ്പത്തിക ശേഷിയുള്ളവർ പോലും പണം ചിലവഴിക്കാൻ മടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
എങ്കിലും പ്രതിസന്ധികളിൽ തളരാതെ യുഎഇയിൽ തന്നെ പെരുന്നാൾ ആഘോഷമാക്കാനാണ് പ്രവാസി സമൂഹത്തിന്റെ തീരുമാനം. വൻതുക ചിലവഴിച്ചുള്ള യാത്രകൾക്ക് പകരം പൊതു ബീച്ചുകൾ, പാർക്കുകൾ, ലളിതമായ കുടുംബ ഒത്തുചേരലുകൾ എന്നിവയിലേക്ക് ആളുകൾ ശ്രദ്ധ മാറ്റി. ഈദ് എന്നത് പണം ചിലവഴിക്കൽ മാത്രമല്ല, ഒരുമിച്ചിരിക്കലാണെന്ന് ഇവർ ഓർമ്മിപ്പിക്കുന്നു. യുഎസ്-ഇറാൻ നയതന്ത്ര ചർച്ചകൾ വേഗത്തിലാകുന്നതോടെ മേഖലയിൽ സമാധാനം തിരികെ വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസി ലോകം.
Content Highlights: Many expatriates in the UAE have opted for simple Eid Al Adha celebrations after travel plans to their home countries were affected. Travel disruptions and rising costs have forced several families to remain in the Gulf during the festive season.