കസ്റ്റംസ്, ലോജിസ്റ്റിക്സ് മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി ദുബായ് കസ്റ്റംസ്. ചരക്ക് പരിശോധനകൾ കൂടുതൽ വേഗത്തിലാക്കാൻ പുത്തൻ 'അഡ്വാൻസ്ഡ് കാർഗോ ഇൻഫർമേഷൻ' സംവിധാനം വികസിപ്പിക്കുന്നു. D33 സാമ്പത്തിക അജണ്ടയുടെ ഭാഗമായി ദുബായ് സർവകലാശാലയുമായി സഹകരിച്ച് പുതിയ കസ്റ്റംസ് ആൻഡ് ട്രേഡ് ലോജിസ്റ്റിക്സ് മികവിന്റെ കേന്ദ്രവും കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്. ആഗോള വ്യാപാര രംഗത്ത് ദുബായിയുടെ മത്സരശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ പുതിയ ചുവടുവെയ്പ്പ്.
ചരക്കുകൾ രാജ്യം വിടുന്നതിന് മുൻപ് തന്നെ കയറ്റുമതി വിവരങ്ങൾ ലഭ്യമാക്കുന്ന നൂതനമായ 'അഡ്വാൻസ്ഡ് കാർഗോ ഇൻഫർമേഷൻ' സംവിധാനമാണ് ആഗോള വ്യാപാര-ലോജിസ്റ്റിക്സ് ഹബ്ബായ ദുബായ് വികസിപ്പിക്കുന്നത്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ, ചരക്കുകൾ പുറപ്പെടുന്ന രാജ്യത്തുനിന്ന് കയറ്റി അയക്കുന്നതിന് മുൻപ് തന്നെ അതിന്റെ വിശദാംശങ്ങൾ ദുബായ് കസ്റ്റംസിന് ലഭ്യമാകും. ഇത് കാർഗോ പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കാനും സുരക്ഷാ അപകടസാധ്യതകൾ മുൻകൂട്ടി കണ്ടെത്താനും സഹായകമാവും. നിലവിലെ സംവിധാനത്തിൽ യുഎഇയിൽ ചരക്ക് എത്തുന്നതിന് 36 മണിക്കൂർ മുമ്പ് മാത്രമാണ് ഡാറ്റ ലഭ്യമാകുന്നത്.
വ്യാപാര, വിതരണ ശൃംഖലകളിൽ ദുബായിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനായി ദുബായ് സർവകലാശാലയുമായി സഹകരിച്ച് പുതിയ ‘സെന്റർ ഓഫ് എക്സലൻസ് ഫോർ കസ്റ്റംസ് ആൻഡ് ട്രേഡ് ലോജിസ്റ്റിക്സ്’ ലോഞ്ച് ചെയ്തിട്ടുണ്ട്. ആഗോള മികച്ച രീതികൾ പാലിച്ച് നൂതന ഗവേഷണങ്ങൾക്കും ഡിജിറ്റൽ കസ്റ്റംസ് സംവിധാനങ്ങൾക്കും ഈ കേന്ദ്രം നേതൃത്വം നൽകും. ദുബായിയുടെ ഭാവി സന്നദ്ധതയിലെ തന്ത്രപരമായ നിക്ഷേപമാണിതെന്ന് ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറൽ അബ്ദുള്ള ബുസെനാദ് പറഞ്ഞു. പ്രമുഖ അന്താരാഷ്ട്ര സർവകലാശാലകളും ഈ സംരംഭത്തിൽ പങ്കാളികളാണ്.
തുടക്കത്തിന്റെ ഭാഗമായി കസ്റ്റംസ്, ലോജിസ്റ്റിക്സ് വെല്ലുവിളികൾക്ക് പരിഹാരം കാണാൻ 110 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഇന്നൊവേഷൻ ഹാക്കത്തോണും സംഘടിപ്പിച്ചിട്ടുണ്ട്. കസ്റ്റംസ് പരിശോധനകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നത് അടക്കമുള്ള വിഷയങ്ങളിലാണ് ഹാക്കത്തോൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വരും ദിവസങ്ങളിൽ കൃത്രിമബുദ്ധി, നൂതന സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ കൂടുതൽ സ്വദേശി പ്രതിഭകൾക്ക് തൊഴിലവസരം നൽകുമെന്നും ദുബായ് കസ്റ്റംസ് അറിയിച്ചു.
Content Highlights: Dubai introduces advanced cargo inspection technology to enhance customs operations, improve security, and speed up trade procedures across UAE ports.