യുഎഇയിൽ വരും ദിവസങ്ങളിൽ ചൂട് കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്.

യുഎഇയില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചില ഉള്‍പ്രദേശങ്ങളില്‍ താപനില 40 ഡിഗ്രി മുതല്‍ 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. ഇന്ന് പലയിടങ്ങളിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. യുഎഇയിലെ തീരദേശങ്ങളിലും ദ്വീപുകളിലും 36 മുതല്‍ 42 ഡിഗ്രി വരെയും പര്‍വത മേഖലകളില്‍ 27 മുതല്‍ 32 ഡിഗ്രി വരെയും വരും ദിവസങ്ങളില്‍ താപനില രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. രാത്രിയോടെ അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഒമാന്‍ കടലില്‍ തരംഗാവസ്ഥ ശാന്തമോ മിതമായതോ ആയിരിക്കും. നാളെ കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രവചനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്.

വടക്കുപടിഞ്ഞാറന്‍, തെക്കുപടിഞ്ഞാറന്‍ ദിശകളില്‍ നിന്നുള്ള കാറ്റ് ശക്തമാകുന്നതോടെ അന്തരീക്ഷം പൊടിപടലങ്ങളാല്‍ നിറയാന്‍ സാധ്യതയുണ്ട്. എന്നാല്‍, ഇതോടൊപ്പം താപനിലയില്‍ നേരിയ കുറവുണ്ടാകുമെന്നത് ആശ്വാസകരമാണ്. ഞായറാഴ്ചയോടെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. കിഴക്കന്‍ മേഖലകളില്‍ മേഘാവൃതമായ അന്തരീക്ഷം കൂടുതല്‍ പ്രകടമാകും.

ഞായര്‍ രാത്രിയും തിങ്കള്‍ രാവിലെയും ചില തീരദേശ ഉള്‍പ്രദേശങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പം വര്‍ദ്ധിക്കാനും പ്രത്യേകിച്ച് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മഞ്ഞുമൂടിയ അന്തരീക്ഷം രൂപപ്പെടാനും സാധ്യതയുണ്ട്. അടുത്ത ആഴ്ചയുടെ തുടക്കത്തില്‍ താപനില വീണ്ടും ഉയര്‍ന്നേക്കുമെങ്കിലും ആകാശം പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായോ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Content Highlights: The UAE is expected to experience rising temperatures over the next few days, according to the Meteorological Center. Authorities have issued warnings and safety tips to help residents cope with the heat.

To advertise here,contact us