നിയമപരമായ ചട്ടങ്ങള്‍ക്ക് വിധേയമല്ലാതെ ഒരു കാരണവശാലും തൊഴിലാളികളുടെ പാസ്പോര്ട്ടുകള് പിടിച്ചുവയ്ക്കാന്‍ പാടില്ലെന്ന് ദുബായ് ജിഡിആര്ഫ്എ. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ബോധവത്ക്കരണ നിര്‍ദ്ദേശത്തിലാണ് അറിയിപ്പ്. രാജ്യത്തെ നിയമവ്യവസ്ഥകള്‍ പൂര്‍ണമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനാണ് നിര്‍ദ്ദേശം.
നിയമപരമായ ചട്ടങ്ങള്‍ക്ക് വിധേയമല്ലാതെ ഒരു കാരണവശാലും തൊഴിലുടമകള്‍ തൊഴിലാളികളുടെ പാസ്പോര്ട്ടുകള് കൈവശം വയ്ക്കാനോ പിടിച്ചുവയ്ക്കാനോ പാടില്ലെന്നാണ് ദുബായ് താമസ കുടിയേറ്റ വകുപ്പ് അധികൃതര്‍ ആവര്‍ത്തിച്ച് നിര്‍ദ്ദേശിക്കുന്നത്. ജിഡിആര്‍എഫ്എ ദുബായുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട 'സ്റ്റേ ലീഗല്‍' അഥവാ നിയമപരമായി ജീവിക്കാം എന്ന ക്യാംപെയ്നിന്റെ ഭാഗമായാണ് സന്ദേശം പങ്കുവെച്ചത്.
വ്യക്തമായ നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമായിരിക്കണം വ്യക്തികളുടെ യാത്രാരേഖകള്‍ കൈകാര്യം ചെയ്യേണ്ടത്. ഇരുവിഭാഗങ്ങളുടെയും അതായത് തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ ഒരുപോലെ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനാണ് യുഎഇ നിയമം അനുശാസിക്കുന്നത്. ഇതിന് വിരുദ്ധമായി നിയമവിരുദ്ധമായ രീതിയില്‍ മറ്റൊരാളുടെ യാത്രാരേഖകള്‍ പിടിച്ചുവയ്ക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.
രാജ്യത്തെ തൊഴില്‍ അന്തരീക്ഷം കൂടുതല്‍ സുതാര്യമാക്കാനും വിദേശ തൊഴിലാളികള്‍ക്ക് പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കാനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ജിഡിആര്‍എഫ്എ ഇത്തരം നിയമ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ നിരന്തരമായി പങ്കുവയ്ക്കുന്നത്. നിയമങ്ങള്‍ കൃത്യമായി പാലിച്ച് എല്ലാവരും സുരക്ഷിതമായ തൊഴില്‍ സംസ്കാരത്തോട് സഹകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
Content Highlights: Dubai authorities have warned employers not to retain the passports of workers, reaffirming that such practices are against regulations. The GDRFA said legal action could be taken against violators as part of efforts to protect workers’ rights.