ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാൻ ഇരുരാജ്യങ്ങളും. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ യുഎഇയില്‍ എത്തിയത്. അബുദാബിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണയായി. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും ഇരുവരും വിലയിരുത്തി. മേഖലയിലെ സുരക്ഷ, സ്ഥിരത, ആഗോള ഊര്‍ജ സുരക്ഷ എന്നിവയെ ബാധിക്കുന്ന ഗൗരവകരമായ വിഷയങ്ങളിലും ആശയവിനിമയം നടത്തി.
പശ്ചിമേഷ്യയില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യവും ഷെയ്ഖ് മുഹമ്മദും അജിത് ഡോവലും ചൂണ്ടികാട്ടി. ആഗോള ഊര്‍ജ വിപണിയിലെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും ചര്‍ച്ചകളില്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകള്‍ അജിത് ഡോവല്‍ യുഎഇ പ്രസിഡന്റിനെ അറിയിച്ചു. നരേന്ദ്ര മോദിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും ഷെയ്ഖ് മുഹമ്മദും ആശംസകള്‍ നേര്‍ന്നു.
അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, സുപ്രീം കൗണ്‍സില്‍ ഫോര്‍ നാഷനല്‍ സെക്യൂരിറ്റി സെക്രട്ടറി ജനറല്‍ അലി ബിന്‍ ഹമ്മദ് അല്‍ ഷംസി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു അജിത് ഡോവലിന്റെ സന്ദര്‍ശനം.
Content Highlights: India and UAE leaders held important discussions to strengthen bilateral ties. The meeting focused on cooperation, trade, and strategic partnerships between the two nations.