പോളണ്ട് തലസ്ഥാനമായ വാഴ്സയില്‍ അടുത്ത മാസം നടക്കുന്ന രാജ്യാന്തര പുസ്തകമേളയില്‍ അതിഥിയായി ഷാര്‍ജ എമിറേറ്റ്. മെയ് 28 മുതല്‍ 31 വരെയാണ് മേള. രണ്ട് നാഗരികതകള്‍, അക്ഷരങ്ങളുടെ ഒരേ ഭാഷ എന്ന പ്രമേയത്തിലാണ് മേളയില്‍ ഷാര്‍ജയുടെ സാംസ്കാരിക സാന്നിധ്യം അടയാളപ്പെടുത്തുക.
പുസ്തകമേളയുടെ അഞ്ചാം പതിപ്പിനാണ് വാഴ്സ വേദിയാകുന്നത്. അറബ്, എമിറാത്തി സംസ്കാരങ്ങളുടെ തനിമയും വൈവിധ്യവും യൂറോപ്പിന് പരിചയപ്പെടുത്തുകയാണ് അതിഥി രാജ്യമായ ഷാര്‍ജയുടെ ലക്ഷ്യം. ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ മുപ്പത്തിനാലോളം വൈവിധ്യമാര്‍ന്ന സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. 29 ചര്‍ച്ചാ സമ്മേളനങ്ങളും അഞ്ച് കാവ്യസന്ധ്യകളും ഇതില്‍ ഉള്‍പ്പെടുന്നു. യുഎഇയില്‍ നിന്നുള്ള 35 എഴുത്തുകാരും കവികളും പോളണ്ടിലെ 15 പ്രമുഖ വ്യക്തികളുമായി സംവദിക്കും.
ഷാര്‍ജ നാഷണല്‍ ബാന്റിന്റെ നേതൃത്വത്തില്‍ 14 സംഗീത പരിപാടികളും വാഴ്സയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കും. യുഎഇയിലെ 21 സാംസ്കാരിക-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഷാര്‍ജ പവലിയനില്‍ അണിനിരക്കും. അറബികില്‍ നിന്ന് പോളിഷ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത ആറ് പുസ്തകങ്ങളും മേളയില്‍ പ്രകാശനം ചെയ്യും.പോസ്റ്റര്‍ നിര്‍മാണത്തിലൂടെ കവിതകളെ ദൃശ്യവല്‍ക്കരിക്കുന്ന 'തസവുറാത്ത്' എന്ന കലാപ്രോജക്റ്റും മേളയെ ശ്രദ്ധേയമാക്കും.
വാഴ്സാ സര്‍വകലാശാല കേന്ദ്രീകരിച്ചും പ്രത്യേക പരിപാടികള്‍ നടക്കും.സാംസ്കാരിക വിനിമയത്തിലൂടെ രാജ്യങ്ങള്‍ക്കിടയില്‍ സൗഹൃദത്തിന്റെ പാലമൊരുക്കുക എന്നതാണ് ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കാഴ്ചപ്പാടെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി വ്യക്തമാക്കി.
Content Highlights: Sharjah Emirate will participate as the guest of honor at the International Book Fair in Poland next month, highlighting its global cultural presence and literary contributions.