പശ്ചിമേഷ്യൻ സംഘർഷ സമയങ്ങളിൽ ദുബായിൽ സ്കൂളുകൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം നൽകിയെന്ന കാരണത്താൽ അടയ്ക്കേണ്ട ഫീസിൽ ഇളവുണ്ടാകില്ലെന്ന് വ്യക്തമാക്കി അധികൃതർ. ദുബായിൽ സ്കൂൾ ഫീസ് അടയ്ക്കുന്നതും തിരിച്ചുനൽകുന്നതും സംബന്ധിച്ചുള്ള നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിച്ചിടേണ്ടി വന്നതും മാതാപിതാക്കളുടെയോ സ്കൂളിന്റെയോ നിയന്ത്രണത്തിലല്ലാത്ത കാര്യമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
പഠനനിലവാരത്തെക്കുറിച്ചോ ക്ലാസുകൾ നടത്തുന്ന രീതിയെക്കുറിച്ചോ എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ അവ സ്കൂളിന്റെ ആഭ്യന്തര പരാതി പരിഹാര സംവിധാനത്തിലൂടെയാണ് പരിഹരിക്കേണ്ടത്. അത്തരം പരാതികൾ പരിഹരിക്കുന്ന ഘട്ടത്തിലും സ്കൂൾ ഫീസ് പൂർണ്ണമായി അടയ്ക്കാൻ മാതാപിതാക്കൾ ബാധ്യസ്ഥരാണ്. സ്കൂൾ സേവനങ്ങൾ നൽകിയിട്ടുള്ള കാലയളവിലെ മുഴുവൻ ഫീസും സ്വീകരിക്കാൻ സ്കൂളുകൾക്ക് അനുവാദമുണ്ട്. ഇത്തരം പേയ്മെന്റുകൾ റീഫണ്ട് ചെയ്യാൻ സാധിക്കില്ലെന്നും നിയമത്തിൽ പറയുന്നു.
അതിനിടെ യുഎഇയിലെ സ്കൂളുകളിലേക്ക് വിദ്യാർത്ഥികൾ തിരികെയെത്തിയെങ്കിലും ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സ്വാധീനം കുട്ടികളിൽ ഇപ്പോഴുമുണ്ട്. ഡിജിറ്റൽ വിദ്യാഭ്യാസം അസൈൻമെന്റുകൾ കൈകാര്യം ചെയ്യാനും, വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങളിൽ കൂടുതൽ വ്യാപൃതരാകാനും സഹായിക്കുന്ന ഒരു അനുബന്ധ ഉപാധിയാണെന്ന് അധ്യാപകർ വിലയിരുത്തുന്നു. ഈ സമ്മിശ്ര പഠനരീതി കൂടുതൽ അയവുള്ളതും വ്യക്തിഗതവുമായ പഠനസാഹചര്യങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്നുവെന്ന് യുഎഇയിലെ അധ്യാപകർ വ്യക്തമാക്കി.
Content Highlights: Dubai authorities have clarified that there will be no reduction in school fees for online learning, confirming that the existing fee structure will remain unchanged for students and parents.