ആഗോള തലത്തില്‍ മുന്‍നിര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹബ്ബുകളില്‍ ഇടം നേടി യുഎഇ. എഐ അധിഷ്ടിതമായ അവബോധം, ഭരണനിര്‍വഹണം എന്നിവയ്ക്കുള്ള പന്തുണയിലാണ് മുന്‍നിര രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇ സ്ഥാനം നേടിയത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ യുഎഇയിലെ എഐ പ്രതിഭകളുടെ എണ്ണത്തില്‍ 100 ശതമാനത്തിലധികം വര്‍ദ്ധനവ് ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ സെന്റേര്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് എഐ മേഖലയിലെ യുഎഇയുടെ നേട്ടം വ്യക്തമാക്കുന്നത്. വൈദഗ്ധ്യം, തൊഴില്‍, എഐയുടെ സ്വാംശീകരണം തുടങ്ങിയ മേഖലയില്‍ ആഗോള തലത്തില്‍ രാജ്യം മികച്ച പ്രകടനമാണ് കാഴ്ചവക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ജിഡിപിയുടെ അടിസ്ഥാനത്തില്‍ എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലും യുഎഇ മുന്‍നിരയിലാണ്. ഈ മേഖലയില്‍ സിംഗപ്പൂരിനൊപ്പമാണ് യുഎഇയുടെ സ്ഥാനം. എഐ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തില്‍ ആഗോളതലത്തില്‍ അതിവേഗം വളരുന്ന രാജ്യങ്ങളിലൊന്ന് കൂടിയാണ് യുഎഇ രാജ്യത്തെ 80 ശതമാനത്തിലധികം ജീവനക്കാരും തൊഴിലിടങ്ങളില്‍ എഐ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പതിവായി ഉപയോഗിക്കുന്നതായാണ് കണ്ടെത്തല്‍.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ യുഎഇയിലെ എഐ പ്രതിഭകളുടെ എണ്ണത്തില്‍ 100 ശതമാനത്തിലധികമാണ് വര്‍ദ്ധനവ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ആകെ തൊഴിലവസരങ്ങളില്‍ 2.87 ശതമാനവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ടവയായിരുന്നു. എഐ പ്രൊഫഷണലുകളുടെ ആവശ്യകതയില്‍ യുഎഇ ആഗോളതലത്തില്‍ മുന്നിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാഭ്യാസ മേഖലയില്‍ എഐ ഉള്‍പ്പെടുത്താനുള്ള മികച്ച ഇടപെടലുകളും രാജ്യം നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് 2025 - 2026 അധ്യയന വര്‍ഷം മുതല്‍ രാജ്യത്തെ എല്ലാ സ്കൂളുകളിലും എഐ പഠനം നിര്‍ബന്ധമാക്കിയത്.
നൂതന സാങ്കേതിക ഗവേഷണങ്ങള്‍ക്കുള്ള ആഗോള കേന്ദ്രമെന്ന നിലയില്‍ അബൂദബിയിലെ ടെക്നോളജി ഇന്നൊവേഷന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും റിപ്പോർട്ടില്‍ എടുത്തുപറയുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ പ്രതീക്ഷകള്‍ക്കപ്പുറമുള്ള മുന്നേറ്റമാണ് രാജ്യം നടത്തുന്നതെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ സെന്റേര്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
Content Highlights: United Arab Emirates has become a leading global AI hub, driven by advanced adoption and innovation in artificial intelligence.