ആരോ​ഗ്യ മേഖലയിൽ മികച്ച നേട്ടവുമായി യുഎഇ; വിവിധ സൂചികകളിൽ ആ​ഗോളതലത്തിൽ ഒന്നാമത്

ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങളും നൂതന സാങ്കേതികവിദ്യകളുമാണ് സുപ്രധാനമായ ഈ നേട്ടങ്ങള്‍ക്ക് പിന്നിലെന്ന് അധികൃതര്‍

ആരോഗ്യ മേഖലയില്‍ മികച്ച നേട്ടവുമായി യുഎഇ. പത്ത് ആരോഗ്യ പരിപാലന സൂചികകളില്‍ ആഗോള തലത്തില്‍ ഒന്നാം സ്ഥാനമാണ് യുഎഇ സ്വന്തമാക്കിയത്. ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങളും നൂതന സാങ്കേതികവിദ്യകളുമാണ് സുപ്രധാനമായ ഈ നേട്ടങ്ങള്‍ക്ക് പിന്നിലെന്ന് അധികൃതര്‍ വ്യക്തമാക്കി.

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്ന പ്രോസ്പെരിറ്റി ഇന്‍ഡക്സ് റിപ്പോര്‍ട്ടിലാണ് യുഎഇയുടെ നേട്ടം വ്യക്തമാക്കുന്നത്. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഏഴ് സൂചികകളില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലാണ് യുഎഇ ഇടം നേടിയത്. ജനനസമയത്തെ സ്ത്രീപുരുഷ അനുപാതം, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ ജനന രജിസ്ട്രേഷന്‍, ക്ഷയരോഗ നിരക്കിലെ കുറവ്,മാതൃമരണ നിരക്കിലെ കുറഞ്ഞ നിരക്ക്, പ്രസവത്തിനു മുന്‍പുള്ള പരിചരണവും പ്രതിരോധ ആരോഗ്യവും തുടങ്ങിയ മേഖകളിലെ മികവിനാണ് അംഗീകാരം.

യുഎഇയില്‍ കെജി മുതല്‍ 12-ാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഞ്ചാംപനി വാക്സിനേഷന്‍ നിര്‍ബന്ധമാണ്. മെഡിക്കല്‍ ഇളവുകള്‍ ഉള്ളവര്‍ക്കൊഴികെ സ്‌കൂളുകളില്‍ ഇത് സൗജന്യമായി നല്‍കുന്നു. പകര്‍ച്ചവ്യാധികളും ജീവിതശൈലീ രോഗങ്ങളും നേരത്തെ കണ്ടെത്തുന്നതിനും ഫലപ്രദമായ ചികിത്സ ഉറപ്പാക്കുന്നതിനും സമഗ്രമായ ഇടപെടലുകളും ആരോഗ്യ മന്ത്രാലയം നടത്തുന്നു.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് ഇല്ലാതാക്കല്‍, മികച്ച ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യം, ആരോഗ്യ സേവനങ്ങളിലെ സംതൃപ്തി, ആരോഗ്യ പ്രശ്നങ്ങളുടെ കുറഞ്ഞ എന്നിവയും യുഎഇയെ ആഗോള തലത്തില്‍ മികച്ച പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ സഹായിച്ചു. ഗര്‍ഭകാല പരിചരണം, പ്രകൃതി ദുരന്തങ്ങള്‍ മൂലമുള്ള മരണങ്ങളുടെയും പരിക്കുകളുടെയും കുറവ്, മികച്ച ആരോഗ്യ പരിരക്ഷാ കവറേജ്, ഗാര്‍ഹിക വായു മലിനീകരണത്തിലെ കുറവ് എന്നിവ പ്രോസ്പെരിറ്റി ഇന്‍ഡക്സ് റിപ്പോര്‍ട്ടിലെ ആറ് സൂചികകളിലും യുഎഇയെ ഒന്നാമതെത്തിച്ചു.

Content Highlights: United Arab Emirates has secured top positions in various global healthcare indices, highlighting its advanced medical infrastructure and service quality.

To advertise here,contact us