യുഎഇയിൽ തിങ്കളാഴ്ച വരെ വിവിധ ഭാ​ഗങ്ങളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം

കാലാവസ്ഥയിലെ മാറ്റത്തിന് അനുസരിച്ച് വിവിധ റോഡുകളിലെ വേഗപരിധിയിലും മാറ്റം വരുത്തിയേക്കും

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ. തിങ്കളാഴ്ച വരെ രാജ്യത്ത് മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വാഹനം ഓടിക്കുന്നവര്‍ക്കും പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ന് രാവിലെയോടെയാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തത്. പിന്നാലെ വിവിധ എമിറേറ്റുകളില്‍ ഇടവിട്ടുള്ള മഴയും രേഖപ്പെടുത്തി. വരും ദിവസങ്ങളിലും മോശം കാവാവസ്ഥ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരും. മിക്കയിടങ്ങളിലും നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യതയെങ്കിലും ചില പ്രദേശങ്ങളില്‍ മഴ ശക്തമായേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ആകാശത്ത് കൂടുതലായി മേഖങ്ങള്‍ രൂപപ്പെടുന്നതാണ് കാലാവസ്ഥാ മാറ്റത്തിന് കാരണം. മോശം കാലാവസ്ഥയുടെ പശ്ചാത്തവത്തില്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കാലാവസ്ഥ പെട്ടെന്ന് മാറാന്‍ സാധ്യതയുള്ളതിനാല്‍ രാജ്യത്തെ പൗരന്മാരും താമസക്കാരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. മലയോര മോഖലകളില്‍ ഉള്‍പ്പെടെ പുലര്‍ച്ചെ മൂടല്‍ മഞ്ഞും ശക്തമാകും. ദൂരക്കാഴ്ച മറയാന്‍ സാധ്യതയുളളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് വിവിധ എമിറേറ്റുകളിലെ പോലീസ് സേന അറിയിച്ചു.

കാലാവസ്ഥയിലെ മാറ്റത്തിന് അനുസരിച്ച് വിവിധ റോഡുകളിലെ വേഗപരിധിയിലും മാറ്റം വരുത്തിയേക്കും. മഴയുള്ള സമയങ്ങളില്‍ വേഗത കുറക്കണമെന്നും വാഹനങ്ങള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. താഴ്ന്ന പ്രദേശങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവയില്‍ നിന്നും അകലം പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

Content Highlights:

To advertise here,contact us