യുഎഇയിൽ മഴയ്ക്ക് ശമനം; കാർ വാഷിങ് കേന്ദ്രങ്ങളിലും വർക്ക് ഷോപ്പുകളിലും തിരക്ക്

വിവിധ ഇടങ്ങളിലെ വെള്ളക്കെട്ട് പമ്പ് ചെയത് നീക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.

യുഎഇയില്‍ മഴക്ക് ശമനമായതോടെ കാര്‍ വാഷിങ് കേന്ദ്രങ്ങളിലും വര്‍ക്ക് ഷോപ്പുകളിലും തിരക്ക് വര്‍ദ്ധിച്ചു. സര്‍വീസ് ആവശ്യപ്പെട്ട് എത്തുന്ന ഫോണ്‍ കോളുകളുടെ എണ്ണവും വലിയ തോതില്‍ വര്‍ദ്ധിച്ചതായി കമ്പനികള്‍ വ്യക്തമാക്കി. വിവിധ ഇടങ്ങളിലെ വെള്ളക്കെട്ട് പമ്പ് ചെയത് നീക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.

യുഎഇയില്‍ ദിവസങ്ങളോളം നീണ്ടുനിന്ന മഴയെ തുടര്‍ന്ന് ഉണ്ടായ വെള്ളക്കെട്ടില്‍ നിരവധി വാഹനങ്ങളാണ് അകപ്പെട്ടത്. പല വാഹനങ്ങള്‍ക്കും കാര്യമായ കേടുപാടുകളും സംഭവിച്ചു. എന്നാല്‍ മഴക്ക് ശമനമായതോടെ വാഹനങ്ങള്‍ വൃത്തിയാക്കുന്നതിനും റിപ്പയര്‍ ചെയ്യുന്നതിനുമുളള തിരക്കിലാണ് രാജ്യത്തെ താമസക്കാര്‍.

യുഎഇയിലുടനീളമുള്ള ക്ലീനിംഗ് സര്‍വീസുകള്‍, ഫെസിലിറ്റി മാനേജ്മെന്റ് കമ്പനികള്‍, കാര്‍ വാഷ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വലിയ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. സര്‍വീസിനായി സമീപിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായതായി ക്ലീനിംഗ് കമ്പനികള്‍ വ്യക്തമാക്കി. മുഴുവന്‍ സമയവും പ്രവര്‍ത്തിച്ച് ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുന്ന തിരക്കിലാണ് കമ്പനികള്‍. മഴ തുടങ്ങിയതുമുതല്‍ തുടര്‍ച്ചയായി കോളുകള്‍ ലഭിക്കുന്നുണ്ടെന്നും മുഴുവന്‍ ജീവനക്കാരും ഫീല്‍ഡിലാണെന്നും വിവിധ കമ്പനികള്‍ അറിയിച്ചു.

താഴത്തെ നിലയിലുള്ള അപ്പാര്‍ട്ട്മെന്റുകളെയാണ് വെള്ളക്കട്ട് പ്രധാനമായും ബാധിച്ചത്. വെള്ളം പമ്പ് ചെയത് നീക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. ചില താമസ സ്ഥലങ്ങളില്‍ ഡീപ്പ് ക്ലീനിംഗും ആവശ്യമായിവരുന്നു. ഫെസിലിറ്റി മാനേജ്മെന്റ് കമ്പനികള്‍ക്കും ആവശ്യക്കാരേറെയാണ്. ബേസ്മെന്റുകളിലും പാര്‍ക്കിംഗ് ഏരിയകളിലും വെള്ളം കയറിയ കെട്ടിടങ്ങളില്‍ നിന്നും വില്ലകളില്‍ നിന്നും നിരവധി കോളുകളാണ് കമ്പനികളിലേക്ക് എത്തുന്നത്.

ചിലയിടങ്ങളില്‍ ഒരേസമയം ഒന്നിലധികം ടീമുകളെ ഏകോപിപ്പിച്ചാണ് കമ്പനികളുടെ പ്രവര്‍ത്തനം. ക്ലീനിംഗിന് പുറമെ ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍ പരിശോധിച്ച് സുരക്ഷയും ഉറപ്പാക്കുന്നുണ്ട്. ഇനിയും കൂടുതല്‍ വാഹനങ്ങള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും കാര്‍ വാഷ് കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. എത്തുന്ന വാഹനങ്ങളെല്ലാം ചെളിയും അഴുക്കും നിറഞ്ഞ അവസ്ഥയിലാണ്. ഇപ്പോള്‍ പല കാറുകളും പാര്‍ക്ക് ചെയ്തിരിക്കുകയോ വെള്ളത്തില്‍ കുടുങ്ങിക്കിടക്കുകയോ ആണ്. വെള്ളം പൂര്‍ണ്ണമായും ഇറങ്ങാന്‍ കാത്തിരിക്കുന്നവരും നിരവധിയാണ്.

Content Highlights: Rain has eased across the UAE, leading to heavy rush at car wash centers and auto workshops as residents clean and repair vehicles affected by recent downpours.

To advertise here,contact us