വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം തുടര്‍ന്ന് ഇറാന്. യുഎഇയില്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് പാകിസ്താന് സ്വദേശി കൊല്ലപ്പെട്ടു. താല്‍ക്കാലികമായി അടച്ച യുഎഇ വ്യോമപാത തുറന്നതോടെ വിമാന സര്‍വീസുകള്‍ ഭാഗികമായി പുനസ്ഥാപിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി യുഎഇയില്‍ ഓണ്‍ലൈന്‍ പഠനം രണ്ടാഴ്ച കൂടി നീട്ടി. അതിനിടെ ഗള്‍ഫ് രാജ്യങ്ങളെ ഇറാന് ആക്രമിച്ചത് ഞെട്ടിച്ചെന്ന പ്രതികരണവുമായി ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി.
തുടര്‍ച്ചയായ പതിനെട്ടാം ദിവസവും ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം തുടരുകയാണ് ഇറാന്. യുഎഇ തലസ്ഥാനമായ അബുദാബിയിലെ ബനിയാസില്‍ ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തെ സുരക്ഷാ സേന ശക്തമായി പ്രതിരോധിച്ചു. എന്നാല്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ വീണ് ഒരു പാകിസ്താന് സ്വദേശിക്ക് ജീവന് നഷ്ടമായി. ഇതോടെ യുഎഇയില്‍ ഇറാന് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി.
ഫുജൈറയില്‍ ഡ്രോണാക്രമണത്തില്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ തീപിടുത്തമുണ്ടായി. ഇന്നലെ രാത്രി നടന്ന ഉണ്ടായ തീപിടിച്ച അബുദാബിയിലെ ഓയില്‍ ഫീല്‍ഡില്‍ സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്റെ ആക്രമണം ശക്തമായതോടെ ഇന്ന് പുലര്‍ച്ചെ താല്‍ക്കാലികമായി അടച്ച യുഎഇ വ്യോമപാത ഒരു മണിക്കൂറിന് ശേഷം വീണ്ടും തുറന്നു. ഖത്തറിലെ വ്യവസായ മേഖലയിലും ഇറാന്റ മിസൈല്‍ ആക്രമണത്തില്‍ തീപിടുത്തമുണ്ടായി. എന്നാല്‍ ആക്രമത്തെ ശക്തമായി പ്രതിരോധിക്കാന്‍ സുരക്ഷാ സേനക്ക് കഴിഞ്ഞു. ബഹ്റൈന്‍, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ക്ക് നേരെയും ഇറാന്റെ ആക്രമണ ശ്രമങ്ങളുണ്ടായി.
അതിനിടെ ഗള്‍ഫ് രാജ്യങ്ങളെ ഇറാന് ആക്രമിച്ചത് ഞെട്ടിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ഇറാനെ ആക്രമിച്ചതിലൂടെ മൂന്നാം ലോക മഹായുദ്ധം തടയുകയാണ് അമേരിക്ക ചെയ്തതെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായ ചര്‍ച്ചക്ക് ശ്രമിച്ചെന്ന അമേരിക്കയുടെ വാദം തള്ളി ഇറാന് രംഗത്തെത്തി. ഇറാനെതിരായ ആക്രമണങ്ങളില്‍ പങ്കാളികളാകില്ലെന്ന് നാറ്റോ സഖ്യകക്ഷികളും വ്യക്തമാക്കി.
Content Highlights: Iran attacks continue across Gulf countries; a Pakistani national has been killed in the UAE, raising concerns over regional security.