ദുബായിലെ ഗതാഗതക്കുരുക്ക് പരിഹരിച്ചുകൊണ്ട് രണ്ട് പുതിയ പാലങ്ങള്‍ കൂടി തുറന്ന് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. പുതിയ പാലങ്ങള്‍ നിലവില്‍ വന്നതോടെ ഇതുവഴിയുള്ള യാത്രാസമയം വലിയ തോതില്‍ കുറഞ്ഞു. ഷെയ്ഖ് റാഷിദ് ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായാണ് പാലങ്ങള്‍ തുറന്നത്. പദ്ധതിയുടെ ഭാഗമായുള്ള മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണെന്ന് ആര്‍ടിഎ അറിയിച്ചു.
ദുബായിലെ തിരക്കേറിയ റോഡുകളില്‍ ഗതാഗതം സുഗമമാക്കുന്നതിനായുള്ള വലിയ പദ്ധതിയുടെ ഭാഗമായാണ് രണ്ട് പാലങ്ങള്‍ കൂടി ഗതാഗതത്തിനായി തുറന്നത്. ഊദ് മേത്ത, അല്‍ അസായേല്‍ സ്ട്രീറ്റുകളിലെ പാലങ്ങളുടെ നിര്‍മ്മാണമാണ് ആര്‍ടിഎ പൂര്‍ത്തിയാക്കിയത്. പുതിയ പാലങ്ങള്‍ യാഥാര്‍ത്ഥ്യമായതോടെ ഇതുവഴിയുളള യാത്രാസമയം 20 മിനിറ്റില്‍ നിന്ന് വെറും അഞ്ച് മിനിറ്റായി കുറഞ്ഞു.
അല്‍ അസായേല്‍ സ്ട്രീറ്റിനെയും അല്‍ വാസല്‍ ക്ലബ്ബ് സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്നതാണ് ആദ്യത്തെ പാലം. രണ്ട് വരികളിലായി മണിക്കൂറില്‍ 2400 വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയും. അല്‍ വാസല്‍ ക്ലബ് സ്ട്രീറ്റിനെയും അല്‍ ഖൈല്‍ റോഡിനെയും ബന്ധിപ്പിക്കുന്നതാണ് രണ്ടാമത്തെ പാലം. മണിക്കൂറില്‍ 3,000 വാഹനങ്ങള്‍ക്ക് വരെ ഇതിലൂടെ സഞ്ചരിക്കാനാകും. ബിസിനസ് ബേ ക്രോസിംഗിലേക്കുള്ള ഗതാഗതം കൂടുതല്‍ സുഗമമാക്കാനും പാലം സഹായിക്കും.
സാബീല്‍, അല്‍ ജദ്ദാഫ്, ഔദ് മേത്ത, ഉമ്മുഹുറൈര്‍ തുടങ്ങിയ ജനസാന്ദ്രതയേറിയ മേഖലകളിലെ താമസക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. ഇതിന് പുറമെ ലത്തീഫ ഹോസ്പിറ്റല്‍, അല്‍ വാസല്‍ ക്ലബ് എന്നിവിടങ്ങളിലേക്കുള്ള യാത്രയും എളുപ്പമാക്കും. ഭാവിയില്‍ ഇവിടെയുണ്ടാകുന്ന താമസക്കാരുടെ വര്‍ദ്ധനവ് കൂടി മുന്നില്‍ കണ്ടാണ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്.
ഷെയ്ഖ് റാഷിദ് ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായുള്ള മറ്റ് നിര്‍മ്മാണ പ്രവത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്. നിലവില്‍ 72 ശതമാനം പണികളും പൂര്‍ത്തിയായിക്കഴിഞ്ഞു. ദുബൈ-അല്‍ ഐന്‍ റോഡിനെ ഔദ് മേത്ത സര്‍വീസ് റോഡുമായി ബന്ധിപ്പിക്കുന്ന തുരങ്കത്തിന്റെ നിര്‍മ്മാണവും അവസാന ഘട്ടത്തിലാണ്. 14 കിലോമീറ്റര്‍ റോഡുകളും നാലര കിലോമീറ്റര്‍ നീളമുള്ള പാലങ്ങളും തുരങ്കങ്ങളും ഉള്‍പ്പെടുന്നതാണ് പദ്ധതി. ഈ വര്‍ഷം മൂന്നാം പാദത്തോടെ ഷെയ്ഖ് റാഷിദ് ഇടനാഴി വികസന പദ്ധതി പൂര്‍ത്തിയാക്കാനാണ് ആര്‍ടിഎ ലക്ഷ്യമിടുന്നത്.
Content Highlights: Roads and Transport Authority opens two new bridges easing traffic congestion in Dubai