ഇ-ഇന്‍വോയിസിംഗിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട് യുഎഇ; നികുതിചോർച്ച തടയുക ലക്ഷ്യം

അംഗീകൃത സര്‍വീസ് പ്രൊവൈഡര്‍ വഴി മാത്രമേ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഇന്‍വോയിസുകള്‍ കൈമാറാനാകൂ

യുഎഇയില്‍ ഈ വര്‍ഷം നടപ്പിലാക്കുന്ന ഇ-ഇന്‍വോയിസിംഗ് സംവിധാനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട് ധനകാര്യ മന്ത്രാലയം. നികുതിചോര്‍ച്ച തടഞ്ഞ് ഈ മേഖലയില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. പുതിയ നിയമ പ്രകാരം അംഗീകൃത സര്‍വീസ് പ്രൊവൈഡര്‍ വഴി മാത്രമെ കമ്പനികള്‍ക്ക് ഇന്‍വോയിസുകള്‍ സമര്‍പ്പിക്കാന്‍ കഴിയുകയുള്ളു.

ഇ-ഇന്‍വോയിംഗ് സംവിധാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ പ്രാഥമിക വിവരങ്ങള്‍ക്ക് പിന്നാലെയാണ് കൂടുതല്‍ വിശദാംശങ്ങള്‍ ഫെഡറല്‍ ടാക്‌സ് അതോറിറ്റിയും ധനകാര്യ മന്ത്രാലയവും പുറത്ത് വിട്ടിരിക്കുന്നത്. ബിസിനസുകള്‍ക്ക് ഇന്‍വോയിസ് തയ്യാറാക്കുന്ന രീതിയില്‍ സമഗ്രമാറ്റമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

അംഗീകൃത സര്‍വീസ് പ്രൊവൈഡര്‍ വഴി മാത്രമേ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഇന്‍വോയിസുകള്‍ കൈമാറാനാകൂ. വാര്‍ഷിക ടേണ്‍ ഓവറോ ലാഭമോ പരിഗണിക്കാതെ രാജ്യത്തെ മുഴുവന്‍ ബിടുബി കമ്പനികള്‍ക്കും നിയമം ബാധകമാണ്. ഇന്‍വോയിസില്‍ കൂടുതല്‍ വിവരങ്ങള്‍ നിര്‍ബന്ധമാണെന്നും പുതിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ടാക്സ് ഗ്രൂപ്പ് ഇടപാടുകള്‍ക്കും നിയമം ബാധകമാണ്. ഗ്രൂപ്പ് കമ്പനികള്‍ തമ്മിലുള്ള ഇന്‍വോയിസുകളും ഇതില്‍ ഉള്‍പ്പെടും. ഇന്‍വോയിസ് രേഖകള്‍ കുറഞ്ഞത് അഞ്ച് വര്‍ഷം സൂക്ഷിക്കണ്ടതുണ്ടെന്നും പുതിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

തുടക്കത്തില്‍ ബിടുബി കമ്പനികള്‍ക്കാണ് നിയമം ബാധകമെങ്കിലും രണ്ടാം ഘട്ടത്തില്‍ രാജ്യത്തെ ചെറുകിട കമ്പനികളെയും ഇ- ഇന്‍വോയിസ് സംവിധാനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. ഇന്‍വോയിസുകള്‍ സമര്‍പ്പിക്കുന്നതിന് കൂടുതല്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് ഫിനാന്‍സ്, ടാക്‌സ്, ടെക്‌നോളജി രംഗങ്ങളില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന ജയന്‍ ബാലകൃഷ്ണന്‍ പറയുന്നു.

2018ല്‍ വാറ്റ് പ്രഖ്യാപിച്ച് കൊണ്ടാണ് നികുതി മേഖലയിലെ മാറ്റങ്ങള്‍ക്ക് യുഎഇ ഭരണകൂടം തുടക്കം കുറിച്ചത്. കഴിഞ്ഞ വര്‍ഷം കോര്‍പ്പറേറ്റ് ടാക്‌സും രാജ്യത്ത് നടപ്പിലാക്കി. ഇ-ഇന്‍വോയിസ് സംവിധാനം കൂടി പ്രാബല്യത്തിലാകുന്നതോടെ നികുതി മേഖയില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തല്‍.

Content Highlights: The UAE has released further details about its upcoming e invoicing system, aimed at enhancing tax transparency, improving compliance, and preventing tax evasion across businesses.

To advertise here,contact us