യുഎഇയില്‍ ലൈസന്‍സില്ലാതെ സംഭാവനകള്‍ ശേഖരിക്കുന്ന സ്ഥാപനങ്ങള്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ജയില്‍ ശിക്ഷക്ക് പുറമെ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ഇത്തരക്കാരെ കാത്തിരിക്കുന്നതെന്ന് അബുദാബി ജുഡീഷ്യല്‍ വകുപ്പ് വ്യക്തമാക്കി. വ്യാജ ചാരിറ്റി കാമ്പെയ്നുകള്‍ തടയുന്നതിന്റെ ഭാഗമായാണ് നടപടി കൂടുതല്‍ ശക്തമാക്കുന്നത്.
റമദാന് കാലം ആരംഭിച്ചതോടെ സമൂഹ മാധ്യമങ്ങളിലടക്കം സംഭാവനയുടെ പേരില്‍ തട്ടിപ്പിനുള്ള ശ്രമം നടക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി അബുദാബി ജുഡീഷ്യല്‍ വകുപ്പ് രംഗത്ത് എത്തിയിരിക്കുന്നത്. വ്യാജ ധനസമാഹരണ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം. ലൈസന്‍സില്ലാതെ സംഭാവനകള്‍ ശേഖരിക്കുന്ന സ്ഥാപനങ്ങള്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പ് നല്കി. സംഭാവനകള്‍ നല്കാന് ആഗ്രഹിക്കുന്നവര്‍ അംഗീകൃത ചാരിറ്റി സംഘടനകളിലൂടെ മാത്രമെ അവ കൈമാറാവൂ എന്ന് പൊതുജനങ്ങളോടും ജുഡീഷ്യല്‍ വകുപ്പ് അഭ്യര്‍ത്ഥിച്ചു.
സംഭാവനകള്‍ കൈമാറുന്നതിന് മുമ്പ് സംഘടനകള്‍ അംഗീകൃത പട്ടികയില്‍ ഉള്‍പ്പെട്ടതാണോ എന്ന് പരിശോധിക്കണം. സര്‍ക്കാര്‍ അംഗീകൃത വെബ്സൈറ്റുകളിലൂടെയും പ്ലാറ്റ്ഫോമുകളിലൂടെയും ഇത് വളരെ വേഗത്തില്‍ മനസിലാക്കാനാകും. സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വ്യാജ യാചനാ അഭ്യര്ത്ഥകളും ക്യാമ്പയനുകളും അവഗണിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. സഹതാപം നേടിയെടുക്കുന്നതിനായി ഹൃദയഭേദകമായ ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ചുകൊണ്ടായിരിക്കും തട്ടിപ്പ് സംഘം അഭ്യര്‍ത്ഥന നടത്തുക. ഇ-മെയിലിലും വാട്സാപ്പിലും ഉള്‍പ്പെടെ വരുന്ന അഞ്ജാത ലിങ്കുകളോടും പ്രതികരിക്കരുത്.
ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് പുറത്തുള്ള ചാരിറ്റികളെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന വ്യക്തികള്‍ക്കും പണം കൈമാറരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. റമദാന് മാസത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ വഴിയുള്ള യാചനയും വ്യാജ പിരിവുകളും വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. സംശയാസ്പദമായ രീതിയില്‍ പണപ്പിരിവ് നടത്തുന്നവരെക്കുറിച്ച് വിവരം ലഭിച്ചാല്‍ അക്കാര്യം അറിയിക്കണമെന്നും ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് ആവശ്യപ്പെട്ടു.
Content Highlights: UAE warns entities collecting donations without a license, stating it is a criminal offense. Those found guilty may face imprisonment and fines ranging from Dh200,000 to Dh500,000, or both.