റെക്കോർഡ് താഴ്ചയിൽ ഇന്ത്യൻ രൂപ; പ്രവാസികൾക്ക് നേട്ടമായി യുഎഇയിൽ ഇന്ത്യൻ ഉത്പ്പനങ്ങൾക്ക് വിലക്കുറവ്

രൂപയുടെ മൂല്യത്തകർച്ചയെ ഈ ഇറക്കുമതിയിലൂടെ ഒരുപരിധി വരെ ഇന്ത്യയ്ക്കും മറികടക്കാൻ സാധിക്കുന്നുണ്ട്

പ്രവാസി ഇന്ത്യക്കാർക്ക് നേട്ടമായി യുഎഇ ദിർഹമിനെതിരെ ഇന്ത്യൻ രൂപ റെക്കോർഡ് താഴ്ചയിൽ. ചരിത്രത്തിൽ ഇതാദ്യമായി ദിർഹമിനെതിരെ 24.6 ആണ് ഇന്ത്യൻ രൂപയുടെ മൂല്യം. ഒരു ഡോളറിന്റെ മൂല്യം 90.4 ലേക്കും എത്തി. എന്നാൽ ഇന്ത്യൻ രൂപയുടെ താഴ്ച പ്രവാസികൾക്ക് നേട്ടമാകുകയാണ്. യുഎഇ വിപണിയിലെ ഇന്ത്യൻ ഉത്പ്പനങ്ങൾക്ക് വലിയ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്.

'ചുവന്ന ഉള്ളി പോലുള്ള ചില ഉത്പ്പന്നങ്ങളുടെ വിലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ മാസങ്ങളിൽ കുറവ് വന്നിട്ടുണ്ട്. ചില സാധനങ്ങൾക്ക് നിലവിൽ 10 ശതമാനം വരെ വിലക്കുറവ് ലഭിക്കുന്നുണ്ട്. നിത്യോപക സാധനങ്ങൾക്കാണ് ഈ വിലക്കുറവ് ആദ്യം ദൃശ്യമാകുന്നത്. വരും ദിവസങ്ങളിൽ മറ്റ് ഉത്പ്പനങ്ങൾക്കും വില കുറയും.' യൂണിയൻ കൂപ്പ് ഡയറക്ടർ ഓഫ് കമ്മ്യൂണിറ്റി റിലേഷൻസായ ഷുഐബ് അൽഹമ്മാദി പറഞ്ഞു.

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് യുഎഇ. ഇരുരാജ്യങ്ങളും തമ്മിലുള്ള എണ്ണയിതര വ്യാപാരം 2025ൽ 3800 കോടി ഡോളറിലെത്തിയിരുന്നു. ഇതോടെ ഇന്ത്യൻ കറൻസിയുടെ മൂല്യത്തകർച്ച യുഎഇയ്ക്ക് കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ലഭിക്കാൻ കാരണമാകുന്നു. ഒപ്പം രൂപയുടെ മൂല്യത്തകർച്ചയെ ഈ ഇറക്കുമതിയിലൂടെ ഒരുപരിധി വരെ ഇന്ത്യയ്ക്കും മറികടക്കാൻ സാധിക്കുന്നുണ്ട്.

2022 മെയിലാണ് ഇന്ത്യയും യുഎഇയും തമ്മിൽ സമ​ഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പിട്ടത്. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വലിയ തോതിൽ വർദ്ധിച്ചിരുന്നു. അരി, പഴങ്ങൾ, പച്ചക്കറികൾ, തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ നിരവധി ഉപഭോക്തൃ വസ്തുക്കളാണഅ യുഎഇ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. യുഎഇയിലെ യൂണിയൻ കൂപ്, അൽ ആദിൽ ട്രേഡിങ്, അൽ മായ ഗ്രൂപ്പ് തുടങ്ങിയ വലിയ റീട്ടെയിൽ ശൃംഖലകൾ ഇന്ത്യയിൽ നിന്നുള്ള സാധനങ്ങളുടെ ഇറക്കുമതിയെ വലിയ ആശ്രയിക്കുന്നുണ്ട്.

Content Highlights: UAE grocery prices fall when Indian rupee hits record low against dirham

To advertise here,contact us