സൗദിയിലേക്കുള്ള വിമാനനിരക്ക് 50,000 രൂപ വരെ; പ്രവാസികള്‍ക്ക് ഇരുട്ടടി

കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള യാത്രക്കാരില്‍ 40 ശതമാനം പേരും സൗദിയിലേക്കുള്ളവരാണെന്നതും ഏറെ ശ്രദ്ധേയമാണ്

പ്രവാസികള്‍ക്ക് ഇരുട്ടടിയായി സൗദി അറേബ്യയിലേക്കുള്ള വിമാനനിരക്കുകളില്‍ വന്‍ വര്‍ധന. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതോടെയാണ് യാത്രാനിരക്കുകള്‍ വര്‍ധിക്കുന്നത്. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള യാത്രക്കാരില്‍ 40 ശതമാനം പേരും സൗദിയിലേക്കുള്ളവരാണെന്നതും ഏറെ ശ്രദ്ധേയമാണ്. നിലവില്‍ 50000 രൂപ വരെയാണ് സൗദിയിലേക്കുള്ള ടിക്കറ്റ് നിരക്ക്.

സൗദി എയര്‍ലൈന്‍സില്‍ ജിദ്ദ-കാലിക്കറ്റ് വിമാന നിരക്ക് നേരത്തെ 18,000 മുതല്‍ 25,000 വരെയായിരുന്നെങ്കില്‍ ഇപ്പോഴത് 45,000 മുതല്‍ 50,000 രൂപ വരെയാണ്. വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതികള്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഒക്ടോബര്‍ 23 വരെ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ സൗദിയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിയിട്ടുണ്ട്.

ഗള്‍ഫ് എയര്‍ ഉള്‍പ്പെടെയുള്ള സര്‍വീസുകളിലും നിയന്ത്രണങ്ങള്‍ വന്നതോടെ യാത്രക്കാര്‍ പ്രതിസന്ധിയിലാകുകയായിരുന്നു.

ഇതിനിടെ യാത്രാ ദുരിതം പരിഹരിക്കാന്‍ അല്‍ഹിന്ദ് ട്രാവല്‍സ് ജിദ്ദ- കൊച്ചി റൂട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചാര്‍ട്ടര്‍ സര്‍വീസ് നടത്തിയിരുന്നു. സൗദിയില്‍ നിന്ന് കേരളത്തിലേക്ക് 23,000-25,000 രൂപ വരെയും കേരളത്തില്‍ നിന്ന് സൗദിയിലേക്ക് പോകുന്നതിന് 30,000-36,000 രൂപ വരെയുമാണ് ചാര്‍ട്ടര്‍ വിമാനത്തിന്റെ നിരക്ക്.

Content Highlights: A sharp increase in airfares to Saudi Arabia has become a financial burden for expatriates. The rise in ticket prices is causing concern among travellers, particularly Gulf expatriates planning their journeys

To advertise here,contact us