വിമാന സർവീസുകൾ നിർത്തിവെക്കല്‍: ഉംറ തീർഥാടകർക്ക് നിർദേശങ്ങളുമായി ഇന്ത്യൻ എംബസി

സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ മറ്റു വിമാനക്കമ്പനികളുടെ സർവീസുകൾ ഉപയോ​ഗപ്പെടുത്താമെന്ന് കോൺസുലേറ്റ് അറിയിച്ചു

വിമാന സർവീസുകൾ നിർത്തിവെക്കല്‍: ഉംറ തീർഥാടകർക്ക് നിർദേശങ്ങളുമായി ഇന്ത്യൻ എംബസി
dot image

സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെ തുടർന്ന് യാത്ര അനിശ്ചിതത്വത്തിലായ ഇന്ത്യൻ ഉംറ തീർഥാടകരോട് ബദൽ വിമാന സർവീസുകൾ പരിശോധിക്കാൻ നിർദേശം. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്. ഇൻഡി​ഗോ എന്നീ വിമാനക്കമ്പനികൾ സൗദിയിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്ടോബർ 24 വരെ നിർത്തിവെച്ചതായും ആകാശ എയർ നിയന്ത്രണം ഒക്ടോബർ 27 വരെ നീട്ടിയതായും ജിദ്ദയിലെ ഇന്ത്യൻ കൺസുലേറ്റ് ജനറൽ അറിയിച്ചു.

ഇന്നലെ പുറത്തിറക്കിയ അറിയിപ്പിലാണ് കോൺസുലേറ്റ് യാത്രക്കാർക്കുള്ള നിർദേശങ്ങൾ വ്യക്തമാക്കിയത്. ജിദ്ദ, മദീന, ദമാം വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ചില വിമാന സർവീസുകൾ തടസ്സങ്ങൾ തുടരുകയാണ്. റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണെന്ന് റിയാദിലെ ഇന്ത്യൻ എംബസിയും അറിയിച്ചു. സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ മറ്റു വിമാനക്കമ്പനികളുടെ സർവീസുകൾ ഉപയോ​ഗപ്പെടുത്താമെന്ന് കോൺസുലേറ്റ് അറിയിച്ചു. ജിദ്ദ, മദീന, ദമാം എന്നിവിടങ്ങളിൽ നിന്ന് സൗദിയ എയർലെെൻസ് ഇന്ത്യയിലേക്ക് സർവീസുകൾ നടത്തുന്നുണ്ട്. ദമാമിൽ നിന്ന് ഡൽഹി, മുംബെെ, ലഖ്നൗ എന്നിവിടങ്ങളിലേക്ക് ഫ്ലെെനാസും മുംബെെയിലേക്ക് ഫ്ലെെഅദീലും സർവീസുകൾ നടത്തുന്നുണ്ട്. സമയക്രമവും സീറ്റുകളുടെ ലഭ്യതയും അനുസരിച്ചായിരിക്കും യാത്ര സാധ്യമാകുക.

യുഎഇ, ബഹ്റെെൻ, കുവെെറ്റ്, ഖത്തർ എന്നീ രാജ്യങ്ങൾ വഴി കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യുന്നതും പരി​ഗണിക്കാം. എന്നാൽ ഇത്തരത്തിലുള്ള യാത്രകൾക്ക് ആവശ്യമായ വിസ, പ്രവേശനാനുമതി തുടങ്ങിയ നിബന്ധനകൾ യാത്രക്കാർ മുൻകൂട്ടി പരിശോധിക്കണം. വിമാനസർവീസുകൾ റദ്ദാക്കപ്പെട്ടതിനെ തുടർന്ന് യാത്ര മുടങ്ങിയ ഉംറ തീർഥാടകരുടെ മടക്കയാത്ര എത്രയും വേ​ഗം സാധ്യമാക്കാൻ ട്രാവൽ ഏജൻസികളും ടൂർ ഓപ്പറേറ്റർമാരും ഉംറ സേവന ദാതാക്കളും ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് കോൺസുലേറ്റ് നിർദേശിച്ചു. യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങൾ നൽകുകയും അവരുമായി നിരന്തരം ബന്ധപ്പെടുകയും വേണം. ആവശ്യമെങ്കിൽ കോൺസുലേറ്റുമായി ഏകോപിപ്പിച്ച് നടപടികൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.

സൗദിയിലെ നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർ ജാ​ഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. വ്യോമാക്രമണങ്ങൾ ഉണ്ടായാൽ ഉടൻ സമീപത്തെ സുരക്ഷിത സ്ഥലത്തേക്ക് മാറണം. കെട്ടിടത്തിനുള്ളിലോ ജനാലകളിൽ നിന്ന് അകന്നുള്ള മുറികളിലോ അഭയം തേടാനാണ് നിർദേശം. നിലവിലെ സംഭവങ്ങലുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ചിത്രീകരിക്കുകയോ വിവരങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പ്രസിദ്ധീകരിക്കുകയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയോ ചെയ്യരുതെന്നും എംബസി അറിയിച്ചു. ഉംറ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സൗദിയിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ വിമാന സർവീസുകളിലെ തടസ്സങ്ങളും യാത്ര നീളാനുള്ള സാധ്യതയും കണക്കിലെടുത്ത് ക്രമീകരികരണങ്ങൾ നടത്തണമെന്നും നിർദേശമുണ്ട്.

വിമാന സർവീസുകളിലെ തടസ്സം കാരണം പ്രയാസം നേരിടുന്ന ഇന്ത്യൻ പൗരന്മാർക്ക് സഹായം ലഭ്യമാക്കാൻ പ്രാദേശിക അധികൃതർ, വ്മാനക്കമ്പനികൾ, ട്രാവൽ ഓപ്പറേറ്റർമാർ, ഇന്ത്യൻ സമൂഹത്തിലെ സന്നദ്ധ പ്രവർത്തകർ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുന്നതായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. മരുന്ന്, ഭക്ഷണം തുടങ്ങിയ അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിനും ഏകോപനം നടത്തുന്നുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരിക്കേറ്റ ഇന്ത്യൻ പൗരന്മാരെ ഇന്ത്യൻ എംബസി ഉദ്യോ​ഗസ്ഥർ സന്ദർശിക്കുന്നുണ്ടെന്നും അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ടെന്നും എംബസി അറിയിച്ചു.

സഹായത്തിനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കൺട്രോൾ റൂം, റിയാദ് ഇന്ത്യൻ എംബസി കൺട്രോൾ റൂം എന്നിവയിൽ ബന്ധപ്പെടാം

  • ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കൺട്രോൾ റൂം
    ഫോൺ : +966122614093, +966556122301
    സൗദിക്കുള്ളിലെ ടോൾ ഫ്രീ നമ്പർ : 8002440003
    വാട്സ് ആപ്പ് : +966536209704
    ഇ മെയിൽ : pbskcgi\@gmail.com
  • റിയാദ് ഇന്ത്യൻ എംബസി കൺട്രോൾ റൂം
    ഫോൺ : +966114884697, +966114884698
    സൗദിക്കുള്ളിലെ ടോൾ ഫ്രീ നമ്പർ : 8002471234
    വാട്സ് ആപ്പ് : + 966536216082
    ഇ മെയിൽ : cr.riyadh\@mea.gov.in

Content Highlights: Indian Consulate in Jeddah has advised Umrah pilgrims to check flight status, review travel plans and contact its helplines amid ongoing flight disruptions between India and Saudi Arabia.

dot image
To advertise here,contact us
dot image