സൗദി അറേബ്യയിൽ നിയമലംഘകർക്കെതിരെ പരിശോധന കർശനമാക്കി ആഭ്യന്തര മന്ത്രാലയം. ഒരാഴ്ച്ചക്കിടെ 13,000-ത്തിലധികം നിയമലംഘനങ്ങൾ കണ്ടെത്തി. താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 34,000-ത്തിലധികം പ്രവാസികൾക്കെതിരെ നിലവിൽ നിയമനടപടികൾ ആരംഭിച്ചു.
ഒക്ടോബർ എട്ട് മുതൽ 14 വരെയുള്ള ഒരു ആഴ്ചക്കാലയളവിൽ നടത്തിയ തെരച്ചിലിൽ 13,822 നിയമലംഘനങ്ങളാണ് സുരക്ഷാ സേന കണ്ടെത്തിയത്. ഇതിൽ 6,547 ഇഖാമ ലംഘനങ്ങളും 3,896 അതിർത്തി സുരക്ഷാ ലംഘനങ്ങളും 3,379 തൊഴിൽ നിയമലംഘനങ്ങളും ഉൾപ്പെടുന്നു.
അനധികൃതമായി അതിർത്തി കടന്ന് രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച 2,021 പേരും രാജ്യം വിടാൻ ശ്രമിച്ച 28 പേരും ഇക്കാലയളവിൽ അറസ്റ്റിലായി. കൂടാതെ നിയമലംഘകർക്ക് താമസസൗകര്യവും ഗതാഗതവും തൊഴിലും നൽകിയ 24 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
നിലവിൽ 34,834 പ്രവാസികളാണ് തുടർനടപടികൾ നേരിടുന്നത്. ഇതിൽ 20,000-ത്തിലധികം ആളുകളോട് യാത്രാരേഖകൾ ലഭ്യമാക്കാൻ സ്വന്തം എംബസികളുമായോ കോൺസുലേറ്റുകളുമായോ ബന്ധപ്പെടാൻ നിർദ്ദേശിച്ചു. 9,454 പേരെ ഇതിനോടകം സ്വന്തം രാജ്യങ്ങളിലേക്ക് നാടു കടത്തിയിട്ടുണ്ട്.
നിയമലംഘകർക്ക് സഹായം നൽകുന്നവർക്കെതിരെ കടുത്ത മുന്നറിയിപ്പാണ് മന്ത്രാലയം നൽകുന്നത്. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ സഹായിക്കുകയോ, താമസ സൗകര്യവും വാഹനങ്ങളും നൽകുകയോ ചെയ്യുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ചുമത്തും. ഇവരുടെ വാഹനങ്ങളും വസ്തുവകകളും കണ്ടുകെട്ടും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 911, 999 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ വിവരമറിയിക്കാൻ പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.
Content Highlights: Saudi Arabia reported 13,822 residency, labour and border security violations in a week. More than 34,800 expatriates are undergoing legal procedures following nationwide inspections.