സൗദി അറേബ്യയുടെ ഗതാഗത രംഗത്ത് പുതിയ അധ്യായത്തിന് തുടക്കമിട്ട് ഡ്രൈവറില്ലാ വാഹനങ്ങൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനത്തിന്റെ ആദ്യ പരീക്ഷണ പദ്ധതി റിയാദിൽ ആരംഭിച്ചു. ആധുനിക സാങ്കേതികവിദ്യകളും നവീന ഗതാഗത പരിഹാരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി (ടിജിഎ) ഈ പദ്ധതി നടപ്പാക്കുന്നത്. ഭാവിയിലെ സ്മാർട്ട് ലോജിസ്റ്റിക്സ് സംവിധാനങ്ങളിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായാണ് ഇതിനെ വിലയിരുത്തുന്നത്.
റിയാദിലെ അൽ ഫലാഹ് ജില്ലയിലാണ് സ്വയം നിയന്ത്രിത ഡെലിവറി വാഹനങ്ങളുടെ പരീക്ഷണ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഉപഭോക്താവ് ഓൺലൈനായി ഓർഡർ നൽകുന്നതോടെ സാധനങ്ങൾ വാഹനത്തിൽ ലോഡ് ചെയ്യുകയും തുടർന്ന് വാഹനം സ്വയം ലക്ഷ്യസ്ഥാനത്ത് എത്തിച്ച് വിതരണം നടത്തുകയും ചെയ്യും. ഈ വാഹനങ്ങളിൽ ലെവൽ 4 ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. 360 ഡിഗ്രി സെൻസർ കവറേജ്, റിമോട്ട് ഓപ്പറേഷൻസ് സെന്ററിൽ നിന്നുള്ള തത്സമയ നിരീക്ഷണം, അടിയന്തര സാഹചര്യങ്ങളിൽ ഉടൻ നിർത്താനുള്ള സംവിധാനങ്ങൾ എന്നിവയും വാഹനങ്ങളിലുണ്ട്.
പദ്ധതിയിലൂടെ ഡെലിവറി ചെലവ് 85 ശതമാനം വരെ കുറയ്ക്കാൻ കഴിയുമെന്നാണ് ടിജിഎ പ്രതീക്ഷിക്കുന്നത്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഈ വാഹനങ്ങൾ പ്രവർത്തന സമയത്ത് കാർബൺ പുറന്തള്ളൽ ഉണ്ടാക്കില്ലെന്നും റോഡുകളിലെ ശബ്ദ മലിനീകരണം കുറയ്ക്കാനും സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഭാവിയിൽ സ്മാർട്ട് ഗതാഗത സംവിധാനങ്ങളും നൂതന ലോജിസ്റ്റിക്സ് പരിഹാരങ്ങളും വ്യാപകമായി നടപ്പാക്കുന്നതിനുള്ള പ്രധാന ചുവടുവെയ്പ്പായാണ് ഈ പരീക്ഷണ പദ്ധതിയെ വിലയിരുത്തുന്നത്.
Content Highlights: Saudi Arabia has launched Riyadh’s first pilot project for delivery operations using self-driving vehicles as part of efforts to modernize transport and logistics services.