സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് ഒരു ആഴ്ചയ്ക്കുള്ളിൽ 14,434 പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. രാജ്യത്തുടനീളം നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവരെല്ലാം പിടിയിലായത്. ഇതിൽ 6,976 പേർ താമസരേഖ (ഇഖാമ) ലംഘിച്ചവരും 4,110 പേർ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരും 3,348 പേർ തൊഴിൽ നിയമലംഘനം നടത്തിയവരുമാണ്.
അനധികൃതമായി സൗദിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 1,450 പേരാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചവരിൽ 58 ശതമാനം ഇത്യോപ്യക്കാരും 41 ശതമാനം യമനികളും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂടാതെ, സൗദിയിൽ നിന്ന് അയൽ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി കടക്കാൻ ശ്രമിച്ച 44 പേരെയും പിടി കൂടിയിട്ടുണ്ട്.
നിയമലംഘകർക്ക് യാത്രാസൗകര്യവും താമസവും ഒരുക്കി നൽകിയതിനും സഹായങ്ങൾ ചെയ്ത് നൽകിയതിനും 27 പേരാണ് അറസ്റ്റിലായത്. ഇത്തരക്കാർക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് അഭയമോ ഗതാഗത സൗകര്യമോ നൽകുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ (ഏകദേശം 2.67 ലക്ഷം ഡോളർ) വരെ പിഴയും ചുമത്തും. ഇവരുടെ വാഹനങ്ങളും വസ്തുവകകളും കണ്ടുകെട്ടുമെന്നും അധികൃതർ അറിയിച്ചു.
Content Highlights: Saudi Arabia has intensified enforcement actions against law violators, with more than 14,000 people arrested in a week during nationwide inspections.