സൗദി അറേബ്യയിൽ ശനിയാഴ്ച വരെ കനത്ത മഴ തുടരും; വിവിധ പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം

ശനിയാഴ്ച രാവിലെയോടെ മഴ ഒട്ടുമിക്കയിടങ്ങളിലും ശമിക്കുമെങ്കിലും ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ചാറ്റൽമഴ തുടർന്നേക്കാം.

സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ മേഖലകളിൽ മിതമായതോ ശക്തമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

ബുധനാഴ്ച ഉച്ചയോടെ നജ്റാന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, കിഴക്കൻ പ്രവിശ്യയുടെ തെക്കൻ പ്രദേശങ്ങൾ, പടിഞ്ഞാറൻ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ലഘുവായതോ മിതമായതോ ആയ മഴ ആരംഭിക്കും. വൈകുന്നേരത്തോടെ ജിസാനു വടക്ക് മുതൽ മക്ക മേഖലയിലെ ത്വായിഫ് വരെയുള്ള പടിഞ്ഞാറൻ തീരങ്ങളിൽ മഴ ശക്തമാകും. എന്നാൽ നജ്റാൻ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ മഴ വൈകുന്നേരത്തോടെ കുറഞ്ഞു വരികയും രാത്രിയോടെ രാജ്യത്തുടനീളം കാലാവസ്ഥ തെളിയുകയും ചെയ്യും.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം അസീറിന് തെക്കുഭാഗത്തും ത്വായിഫ്, നജ്റാന്റെ ചില ഭാഗങ്ങൾ, കിഴക്കൻ പ്രവിശ്യയുടെ തെക്കൻ മേഖലകൾ എന്നിവിടങ്ങളിലും മഴ പെയ്യാൻ സാധ്യതയുണ്ട്. ഉച്ചകഴിഞ്ഞ് പടിഞ്ഞാറൻ തീരത്ത് മഴ കൂടുതൽ ശക്തമാകുമെങ്കിലും മറ്റ് മേഖലകളിൽ ശമിക്കും. തുടർന്ന് വൈകുന്നേരത്തോടെ തബൂക്ക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും രാത്രിയോടെ അന്തരീക്ഷം വരണ്ടതായി മാറും.

വെള്ളിയാഴ്ച രാത്രിയോടെ രാജ്യത്തിന്റെ വടക്കൻ മേഖലകളിലേക്ക് മഴ വീണ്ടും എത്തും. തബൂക്ക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, മദീനയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ നേരിയ മഴ പെയ്യും. അതേസമയം, അസീറിലെ ത്വായിഫ്, അബഹ തുടങ്ങിയ പ്രദേശങ്ങളിൽ മിതമായതു മുതൽ ശക്തമായതു വരെയുള്ള മഴ പ്രതീക്ഷിക്കാം.

ശനിയാഴ്ച രാവിലെയോടെ മഴ ഒട്ടുമിക്കയിടങ്ങളിലും ശമിക്കുമെങ്കിലും നോർത്തേൺ ബോർഡേഴ്സ്, ഹാഇൽ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ചാറ്റൽമഴ തുടർന്നേക്കാം. ഉച്ചയ്ക്ക് ശേഷം ഈ പ്രദേശങ്ങളിൽ വീണ്ടും മഴയെത്തുമെങ്കിലും വൈകുന്നേരത്തോടെ പൂർണ്ണമായും മാറിനിൽക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു.

Content Highlights: Saudi Arabia is expected to experience continued rainfall, thunderstorms, and strong winds in several regions until Saturday. Authorities have issued weather alerts and advised residents to remain cautious, follow official updates, and avoid areas that may be affected by flash floods or reduced visibility.

To advertise here,contact us