സൗദിയിൽ സുരക്ഷ പരിശോധന ശക്തം; നിയമ ലംഘകരായ 14,000-ത്തിലധികം പ്രവാസികൾ അറസ്റ്റിൽ

നിയമനടപടികൾ പൂർത്തിയാക്കി 13,724 പ്രവാസികളെ ഇതിനോടകം സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തി

സൗദി അറേബ്യയിൽ താമസ, അതിർത്തി സുരക്ഷാ, തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും വ്യാപക പരിശോധന. നിയമലംഘനം നടത്തിയ 14,260 പ്രവാസികളെ ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 13 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ സുരക്ഷാ സേനയും മറ്റ് സർക്കാർ ഏജൻസികളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്.

അറസ്റ്റിലായവരിൽ 6,900 പേർ ഇഖാമ (താമസ) നിയമങ്ങൾ ലംഘിച്ചവരാണ്. 3,982 പേർ അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരും 3,378 പേർ തൊഴിൽ നിയമലംഘനം നടത്തിയവരുമാണ്. കൂടാതെ, അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,524 പേരെ അതിർത്തികളിൽ വെച്ച് പിടികൂടി. ഇതിൽ 63 ശതമാനം ഇത്യോപ്യക്കാരും 36 ശതമാനം യെമനികളുമാണ്. രാജ്യത്ത് നിന്ന് അനധികൃതമായി പുറത്തുകടക്കാൻ ശ്രമിച്ച 38 പേരും നിയമലംഘകർക്ക് അഭയമോ താമസസൗകര്യമോ ജോലിയോ നൽകിയ 24 പേരും പിടിയിലായവരിൽ ഉൾപ്പെടുന്നു.

നിയമനടപടികൾ പൂർത്തിയാക്കി 13,724 പ്രവാസികളെ ഇതിനോടകം സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തി. യാത്രാരേഖകൾ സംഘടിപ്പിക്കുന്നതിനായി 18,808 പേരെ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് മാറ്റി. 5,386 പേരുടെ യാത്രാ ക്രമീകരണങ്ങൾ പൂർത്തിയായി വരികയാണ്. നിലവിൽ 29,961 പുരുഷന്മാരും 1,961 സ്ത്രീകളും ഉൾപ്പെടെ ആകെ 31,922 പ്രവാസികൾ ശിക്ഷാ നടപടികൾക്ക് വിധേയരായി വരികയാണെന്നും അധികൃതർ അറിയിച്ചു.

നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ സഹായിക്കുകയോ, അതിക്രമിച്ചു കയറിയവർക്ക് വാഹനസൗകര്യവും താമസവും നൽകുകയോ ചെയ്യുന്നവർക്കെതിരെ കടുത്ത മുന്നറിയിപ്പാണ് ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്നത്. ഇത്തരക്കാർക്ക് 15 വർഷം വരെ തടവും 10 ലക്ഷം സൗദി റിയാൽ വരെ പിഴയും ലഭിച്ചേക്കാം. കൂടാതെ ഇവർ സഞ്ചരിച്ച വാഹനങ്ങളും അഭയം നൽകിയ കെട്ടിടങ്ങളും കണ്ടുകെട്ടും. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സുരക്ഷാ വിഭാഗത്തെ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Content Highlights: Saudi security inspections, Saudi arrests, 14000 expatriates, Saudi expatriates, Saudi law violations, Saudi Arabia security checks, expatriate arrests Saudi Arabia, Saudi enforcement campaign, Saudi Arabia news, Saudi expat news, Gulf news, Saudi legal violations, Saudi security crackdown, Saudi authorities, expatriate law violations

To advertise here,contact us