റിയാദ് നഗരത്തിലെ പൊതുപാർക്കിങ് സംവിധാനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ പാർക്കിങ് കേന്ദ്രങ്ങൾ ആരംഭിക്കുന്നു. 36,000-ത്തിലധികം പുതിയ പാർക്കിങ് കേന്ദ്രങ്ങളാണ് പുതുതായി സജ്ജമാക്കുന്നത്. ഇവ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. നഗരത്തിലെ ഉലയ്യ വാണിജ്യ മേഖലയിൽ മാത്രം 3,600-ലധികം പണമടച്ചുള്ള പാർക്കിങ് കേന്ദ്രങ്ങളാണ് നാളെ മുതൽ ലഭ്യമാകുന്നത്. പ്രധാന മേഖലകളിലെ പാർക്കിങ് കാര്യക്ഷമത വർദ്ധിപ്പിക്കുക, വാണിജ്യ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുക, അനിയന്ത്രിതമായ പാർക്കിങ് തടഞ്ഞ് ഗതാഗത കുരുക്ക് കുറയ്ക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നഗരത്തിന്റെ ക്രമവും സൗന്ദര്യവും നിലനിർത്താൻ പുതിയ പാർക്കിങ് കേന്ദ്രങ്ങൾ ഏറെ സഹായകരമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
പണമടച്ചുള്ള പാർക്കിങ്ങുകൾക്കായി നിലവിൽ അംഗീകരിച്ചിട്ടുള്ള പ്രവർത്തന നയം തന്നെയായിരിക്കും പുതിയ കേന്ദ്രങ്ങളിലും ബാധകമാകുന്നത്. ഇതനുസരിച്ച് ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ട് മണി മുതൽ അർധരാത്രി 12 വരെയായിരിക്കും പ്രവർത്തന സമയം. എന്നാൽ വെള്ളിയാഴ്ചകളിൽ പാർക്കിങ് പൂർണമായും സൗജന്യമായിരിക്കും. കൂടാതെ, കുറഞ്ഞ സമയത്തേക്ക് മാത്രം വാഹനം നിർത്തുന്നവർക്കായി ആദ്യത്തെ 15 മിനിറ്റ് വരെ സൗജന്യ പാർക്കിങ് അനുവദിച്ചിട്ടുണ്ട്.
വാഹന ഉടമകൾക്ക് പാർക്കിങ് ഫീസ് റിയാദ് പാർക്കിങ് ആപ്പ് വഴിയോ, സ്വയം പ്രവർത്തിക്കുന്ന പേയ്മെന്റ് മെഷീനുകൾ വഴിയോ, അല്ലെങ്കിൽ ക്യൂആർ കോഡ് സ്കാൻ ചെയ്തോ അടയ്ക്കാവുന്നതാണ്. റിയാദ് നഗരത്തിലെ പ്രമുഖ റോഡുകളിലും തെരുവുകളിലുമായി ഇതിനകം തന്നെ 25,000-ത്തിലധികം പണമടച്ചുള്ള പാർക്കിങ് കേന്ദ്രങ്ങൾ പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. പുതിയ കേന്ദ്രങ്ങൾ കൂടി വരുന്നതോടെ നഗരത്തിലെ ഗതാഗത മാനേജ്മെന്റ് കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: New parking zones will come into effect in Riyadh from tomorrow. The scheme offers motorists free parking for the first 15 minutes and exempts parking fees on Fridays, aiming to improve urban mobility and streamline parking management across the city.