യുഎസ്-സൗദി അറേബ്യ സിവിലിയന്‍ സഹകരണ ആണവകരാറിന് പിന്നാലെ മലക്കം മറിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കരാര്‍ പ്രാബല്യത്തില്‍ വരണമെങ്കില്‍ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. അമേരിക്കയുടെ മധ്യസ്ഥതയിലുള്ള അബ്രഹാം ഉടമ്പടിയില്‍ സൗദി അറേബ്യ ഭാഗമാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. പലസ്തീന് വിഷയവുമായി ബന്ധപ്പെട്ട് സൗദി അറേബ്യ കുറേ കാലമായി ഈ കരാറില്‍ ഉടമ്പടി വെച്ചിരുന്നില്ല.
ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എതിര്‍പ്പുമായി വന്നതിന് പിന്നാലെയാണ് പുതിയ ഉപാധിയുമായി ട്രംപ് രംഗത്തെത്തിയത്. കരാറിന് മുമ്പ് പരസ്യമായി വ്യക്തമാക്കാത്ത ഉപാധി കഴിഞ്ഞ ദിവസം രാത്രിയാണ് ട്രംപ് മുന്നോട്ട് വെച്ചത്. അമേരിക്കന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആണവനിലയങ്ങള്‍ നിര്‍മിക്കുന്നതിനും യുറേനിയം സമ്പുഷ്ടീകരിക്കുന്നതിനും സൗദിക്ക് അനുമതി നല്‍കുന്നതാണ് ആണവകരാര്‍. സൗദിയുമായുള്ള കരാര്‍ സൈനികേതര ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണെന്നും അബ്രഹാം ഉടമ്പടിയുടെ ഭാഗമാകുന്ന മുറയ്ക്ക് മാത്രമേ ഇതിന് പൂര്‍ണ അംഗീകാരം ലഭിക്കുകയുള്ളുവെന്നും ട്രംപ് വ്യക്തമാക്കി.
ഗള്‍ഫിലെ പ്രതിനിധികളോട് നിരവധി തവണ അബ്രഹാം കരാറില്‍ ഒപ്പുവെക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റും പ്രതികരിച്ചു. സൗദി അറേബ്യ ഇനിയും അബ്രഹാം ഉടമ്പടിയില്‍ ചേര്‍ന്നില്ലെങ്കില്‍ ആണവകരാര്‍ റദ്ദാക്കുമെന്ന് കരോലിന് വ്യക്തമാക്കി.
ഇനിയുള്ള സൗദിയുടെ നിലപാടാണ് പ്രധാനം. പലസ്തീന് രാഷ്ട്ര രൂപീകരണത്തിനുള്ള വഴി തെളിയാതെ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കില്ലെന്ന നിലപാടിലാണ് നിലവില്‍ സൗദി അറേബ്യ.
എന്നാല്‍ ട്രംപിന്റെ പുതിയ ആവശ്യത്തെ ഇസ്രയേല്‍ സ്വാഗതം ചെയ്തിട്ടുണ്ട്. സൗദി അറേബ്യ അബ്രഹാം ഉടമ്പടിയില്‍ ഭാഗമാകുന്നത് പശ്ചിമേഷ്യയില്‍ ചരിത്രപരമായ സമാധാന മുന്നേറ്റത്തിന് വഴിതെളിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു.
Content Highlights: US President Donald Trump has linked the proposed US-Saudi civilian nuclear cooperation agreement to the normalization of diplomatic relations between Saudi Arabia and Israel