ഗാർഹിക തൊഴിലാളികൾക്ക് ആശ്വാസമായി സൗദി; വിസ നിയമങ്ങളിൽ വൻ ഇളവ്

ഇഖാമ ഫീസുകൾ ഒരുമിച്ച് അടയ്ക്കുന്നതിലെ സാമ്പത്തിക ബാധ്യത കുറയ്ക്കാനും ഗാർഹിക ചിലവുകൾ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും പുതിയ തീരുമാനം വീടുകൾക്ക് സഹായകരമാകും.

സൗദി അറേബ്യയിൽ വീട്ടുജോലിക്കാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികളുടെ റെസിഡൻസി പെർമിറ്റ് (ഇഖാമ) പുതുക്കുന്നതിലും അനുവദിക്കുന്നതിലും വൻ ഇളവുകളുമായി സർക്കാർ. ഇനി മുതൽ കുറഞ്ഞത് മൂന്ന് മാസത്തേക്ക് മാത്രമായും ഇഖാമ പുതുക്കാൻ തൊഴിലുടമകൾക്ക് സാധിക്കും. ഇഖാമ ഫീസുകൾ ഒരുമിച്ച് അടയ്ക്കുന്നതിലെ സാമ്പത്തിക ബാധ്യത കുറയ്ക്കാനും ഗാർഹിക ചിലവുകൾ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും പുതിയ തീരുമാനം വീടുകൾക്ക് സഹായകരമാകും.

സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ് (ജവാസത്ത്), മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം, ദേശീയ റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോമായ 'മുസാനിദ്' എന്നിവയുമായി സഹകരിച്ചാണ് ഈ പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചിരിക്കുന്നത്. പുതിയ പരിഷ്‌കാരം അനുസരിച്ച് തൊഴിലുടമകൾക്ക് അവരുടെ ആവശ്യാനുസരണം മൂന്ന്, ആറ്, ഒമ്പത്, 12, 15, 18, 21 24 മാസത്തെ കാലയളവിലേക്ക് ഗാർഹിക തൊഴിലാളികളുടെ ഇഖാമകൾ തെരഞ്ഞെടുക്കാവുന്നതാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 'അബ്ഷീർ' വഴിയാണ് ഈ സേവനം പൂർണ്ണമായും ലഭ്യമാകുന്നത്.

ഇതോടെ, ഒരു വർഷത്തേക്കോ രണ്ട് വർഷത്തേക്കോ ഉള്ള ദീർഘകാല ഇഖാമ ഫീസുകൾ ഒരുമിച്ച് അടയ്‌ക്കേണ്ട ബാധ്യതയിൽ നിന്ന് തൊഴിലുടമകൾക്ക് മോചനം ലഭിക്കും. തിരഞ്ഞെടുക്കുന്ന നിശ്ചിത കാലയളവിലേക്കുള്ള ഫീസ് മാത്രം അടച്ചാൽ മതിയാകും. മൂന്ന് മാസത്തേക്കോ അല്ലെങ്കിൽ മൂന്ന് മാസം കൂടുമ്പോൾ (ക്വാർട്ടർ അടിസ്ഥാനത്തിൽ) ഫീസ് അടയ്ക്കാനുള്ള സൗകര്യമാണ് ഇവിടെ ലഭിക്കുന്നത്.

മുമ്പ് ഗാർഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കൽ സാധാരണയായി ഒരു വർഷത്തേക്കോ രണ്ട് വർഷത്തേക്കോ ഉള്ള കാലയളവുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇത് പലപ്പോഴും സ്വദേശി കുടുംബങ്ങൾക്ക് പെട്ടെന്ന് വലിയ തുക കണ്ടെത്തേണ്ടി വരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമായിരുന്നു.

Content Highlights: Saudi Arabia has announced a major relaxation in visa rules for domestic workers. The revised regulations are expected to simplify recruitment and visa procedures while benefiting both employers and household workers.

To advertise here,contact us