ഇന്ത്യ-സൗദി വ്യോമയാന മേഖലയിൽ പുതിയ ചരിത്രക്കുതിപ്പ്. ഇന്ത്യ-സൗദി ബന്ധം വർദ്ധിപ്പിക്കുന്നതിനായി എയർ ഇന്ത്യയും റിയാദ് എയറും പുതിയ കരാറിൽ ഒപ്പുവച്ചു. ഇരുരാജ്യങ്ങൾക്കുമിടയിലെ കണക്റ്റിവിറ്റി വികസിപ്പിക്കുന്നതിനൊപ്പം അന്താരാഷ്ട്ര യാത്രാ ശൃംഖല വിപുലമാക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ കരാർ.
എയർ ഇന്ത്യയും സൗദിയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയറും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം യാത്രക്കാർക്ക് വലിയ ആശ്വാസമാകും. റിയാദ്, ദില്ലി, മുംബൈ എന്നീ പ്രധാന ഹബ്ബുകൾ വഴി ഒറ്റ ബുക്കിംഗിൽ തന്നെ രണ്ട് എയർലൈനുകളുടെയും നെറ്റ്വർക്കിലൂടെ യാത്ര ചെയ്യാൻ സഹായിക്കുന്ന കോഡ്ഷെയർ, ഇന്റർലൈൻ ക്രമീകരണങ്ങൾക്കാണ് ഈ കരാർ അടിത്തറയിടുന്നത്. ഇതിലൂടെ ഇന്ത്യയ്ക്കും സൗദിക്കുമിടയിലെ ബിസിനസ്, ടൂറിസം, കുടുംബ യാത്രകൾ എന്നിവയ്ക്ക് കൂടുതൽ സൗകര്യമൊരുങ്ങും. കൂടാതെ, ലോയൽറ്റി പ്രോഗ്രാം ആനുകൂല്യങ്ങൾ, കാർഗോ സേവനങ്ങൾ, സാങ്കേതിക സഹകരണം എന്നിവയും ഇരു കമ്പനികളും സംയുക്തമായി വികസിപ്പിക്കും.
ലോകത്തിലെ ഏറ്റവും അതിവേഗം വളരുന്ന രണ്ട് വ്യോമയാന വിപണികളാണ് ഇന്ത്യയും സൗദിയുമെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസണും റിയാദ് എയർ സിഇഒ ടോണി ഡഗ്ലസും വ്യക്തമാക്കി. വാണിജ്യ സർവീസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് റിയാദ് എയർ ഈ നിർണ്ണായക കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ജൂലൈ 1 മുതൽ ലണ്ടൻ ഹീത്രോയിലേക്കുള്ള തങ്ങളുടെ ആദ്യ സർവീസ് റിയാദ് എയർ ആരംഭിക്കുകയാണ്. ഈ കരാർ നിലവിൽ വരുന്നതോടെ ഇന്ത്യൻ യാത്രക്കാർക്ക് റിയാദ് വഴി യുകെയിലേക്കും യൂറോപ്പിലേക്കും വളരെ എളുപ്പത്തിൽ കണക്റ്റിങ് ഫ്ലൈറ്റുകൾ ലഭ്യമാകും. 2022-ലെ സ്വകാര്യവൽക്കരണത്തിന് ശേഷം ആഗോളതലത്തിൽ പങ്കാളിത്തം വിപുലീകരിക്കുന്ന എയർ ഇന്ത്യയുടെ വളർച്ചയിലെ മറ്റൊരു നാഴികക്കല്ലാണ് ഈ പുതിയ സൗദി സഖ്യം.
Content Highlights: India and Saudi Arabia are set to boost aviation ties as Air India and Riyadh Air enter into a new partnership. The agreement is expected to improve connectivity, expand travel networks, and offer more seamless travel opportunities for passengers between the two countries and beyond.