കുവൈറ്റിന് നേരെ ഉണ്ടായ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് സൗദി അറേബ്യ. ഒരു രാജ്യത്തിന്റെ പരമാധികാരത്തെ ലംഘിക്കുന്നതോ, മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്നതോ ആയ എല്ലാത്തരം ആക്രമണങ്ങളെയും പൂർണ്ണമായി തള്ളിക്കളയുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പ്രതികരിച്ചു.
കുവൈറ്റ് ഗവൺമെന്റിനും ജനങ്ങൾക്കും സൗദി പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അതോടൊപ്പം, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും ജനങ്ങളുടെ സുരക്ഷിതത്വവും സംരക്ഷിക്കുന്നതിനായി കുവൈറ്റ് കൈക്കൊള്ളുന്ന എല്ലാ നടപടികൾക്കും സൗദി അറേബ്യയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും സൗദി വ്യക്തമാക്കി.
വ്യാഴാഴ്ച പുലർച്ചെയോടെയാണ് കുവൈറ്റിനെ ലക്ഷ്യമാക്കി ഇറാന്റെ ഭാഗത്തുനിന്ന് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായത്. ശത്രുതാപരമായ ഈ നീക്കങ്ങളെ കുവൈറ്റ് വ്യോമ പ്രതിരോധ സേന ശക്തമായി പ്രതിരോധിച്ചതായി സൈന്യം അറിയിച്ചു. രാജ്യത്ത് കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ ശത്രുക്കളുടെ മിസൈലുകൾ തകർക്കുന്നതിന്റെ ഭാഗമാണെന്ന് അധികൃതർ വ്യക്തമാക്കി. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ പൊതുജനങ്ങളോട് സൈന്യം അഭ്യർത്ഥിച്ചിട്ടുണ്ട്. ഇറാനിൽ യുഎസ് ആക്രമണം നടത്തുകയും ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തതിന് പിന്നാലെയാണ് സംഭവം.
Content Highlights: Saudi Arabia has strongly condemned the reported attack by Iran targeting Kuwait. The Kingdom described the incident as a threat to Gulf security and emphasized the need to maintain regional stability amid rising tensions in West Asia.