ദോഹയിൽ ആവേശത്തിരയിളക്കി 'കാൽപന്ത് 2026'; ഖത്തറിൽ എഞ്ചിനീയറിങ് പൂർവവിദ്യാർത്ഥികളുടെ കായിക സംഗമം

കായിക മത്സരങ്ങൾക്ക് പുറമെ കുട്ടികൾക്കായി ബ്ലാസ്റ്റേഴ്സ് അക്കാദമിയുടെ നേതൃത്വത്തിൽ പ്രത്യേക ഫുട്ബോൾ പരിശീലന കളരിയും ഒരുക്കിയിരുന്നു

qatar

കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജ് ഖത്തർ പൂർവവിദ്യാർത്ഥി കൂട്ടായ്മയുടെ (ടികെഎംസിഇഎക്യു) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'കാൽപന്ത് 2026' കായികമേളയുടെ രണ്ടാം പതിപ്പ് ആവേശകരമായി സമാപിച്ചു. നവംബർ 6, 13 തീയതികളിലായി ഹാമിൽട്ടൺ ഇന്റർനാഷണൽ സ്കൂളിൽ നടന്ന പരിപാടിയിൽ ഖത്തറിലെ വിവിധ എഞ്ചിനീയറിങ് കോളേജുകളിലെ പൂർവവിദ്യാർത്ഥികളും കുടുംബാംഗങ്ങളും ആവേശത്തോടെ പങ്കെടുത്തു.

മേളയുടെ ഭാഗമായി നടന്ന പുരുഷ വിഭാഗം സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ 18 ടീമുകൾ മാറ്റുരച്ചു. ആവേശകരമായ പോരാട്ടത്തിനൊടുവിൽ എംഇഎസ് എഞ്ചിനീയറിങ് കോളേജ് പൂർവവിദ്യാർത്ഥി കൂട്ടായ്മ (എംഇഎസ്ഇക്യു) ജേതാക്കളായി. തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജ് അലുംനി (ക്യുജിഇടി) രണ്ടാം സ്ഥാനവും വയനാട് എഞ്ചിനീയറിങ് കോളേജ് അലുംനി (ഡബ്ല്യുഇക്യു) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വനിതകൾക്കായി സംഘടിപ്പിച്ച ഡോഡ്ജ്ബോൾ ടൂർണമെന്റിൽ ഏഴ് ടീമുകൾ പങ്കെടുത്തു. മത്സരത്തിൽ ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജ് പൂർവവിദ്യാർത്ഥി കൂട്ടായ്മ (സിഇസിക്യുഎ) ഒന്നാം സ്ഥാനവും ആതിഥേയരായ ടികെഎം എഞ്ചിനീയറിങ് കോളേജ് പൂർവവിദ്യാർത്ഥി കൂട്ടായ്മ രണ്ടാം സ്ഥാനവും നേടി.

കായിക മത്സരങ്ങൾക്ക് പുറമെ കുട്ടികൾക്കായി ബ്ലാസ്റ്റേഴ്സ് അക്കാദമിയുടെ നേതൃത്വത്തിൽ പ്രത്യേക ഫുട്ബോൾ പരിശീലന കളരിയും ഒരുക്കിയിരുന്നു. വനിതകൾ സജ്ജീകരിച്ച വിവിധ ഭക്ഷണ, കരകൗശല സ്റ്റാളുകളും മേളയ്ക്ക് കൂടുതൽ മിഴിവേകി. നേരത്തെ നടന്ന ചടങ്ങിൽ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (ഐബിപിസി) വൈസ് പ്രസിഡന്റ് അബ്ദുൽ സത്താർ കായികമേള ഉദ്ഘാടനം ചെയ്തു. എഞ്ചിനീയേഴ്സ് ഫോറം ഖത്തർ പ്രസിഡന്റ് ആഷിക് അഹമ്മദ്, അൽ അജാജ് ലിമിറ്റഡ് കമ്പനി സിഇഒ ഫൈസൽ കുന്നത്ത് തുടങ്ങിയവർ ചടങ്ങിൽ വിശിഷ്ടാത്ഥികളായി പങ്കെടുത്തു.

ടികെഎം പൂർവവിദ്യാർത്ഥി കൂട്ടായ്മ പ്രസിഡന്റ് സൗദ ബക്കർ, ജനറൽ സെക്രട്ടറി ഷിഹിൽ, പ്രോഗ്രാം കൺവീനർ അഫ്സൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഖത്തറിലെ വിവിധ എഞ്ചിനീയറിങ് കോളേജുകളിലെ പൂർവവിദ്യാർത്ഥികളെ ഒരു കുടക്കീഴിൽ അണിനിരത്തുന്നതിനും പ്രവാസികൾക്കിടയിലെ സൗഹൃദവും കായിക കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനും 'കാൽപന്ത് 2026' മികച്ച വേദിയായി മാറി.

Content Highlights: The second edition of ‘Kalpanth 2026’, organised by the TKM Engineering College Qatar Alumni Chapter (TKMCEAQ), has concluded in Doha. Held at Hamilton International School on November 6 and 13, the event brought together engineering college alumni from across Qatar and their families

To advertise here,contact us