25 കോടി കവർന്നു? എന്താണ് ഖത്തർ KMCC കവർച്ചാ കേസ്

കൊയിലാണ്ടിയിലെ പ്രാദേശിക ബിജെപി നേതാവായ ബാലകൃഷ്ണൻ കീഴടങ്ങിയതോടെയാണ് കൊള്ളസംഘത്തിന്റെ ഓരോ കഥകളും പുറത്ത് വരുന്നത്

മുസ്ലിം ലീഗിൻ്റെ അഭിമാനകരമായ പോഷക സംഘടനയാണ് കെഎംസിസി. കേരളത്തിന് പുറത്തും ഗള്‍ഫ് രാജ്യങ്ങളിലും മാത്രമല്ല, ലോകത്തിന്റെ ഏത് കോണിലും പ്രവാസി മലയാളികള്‍ക്ക് നേരെ കെഎംസിസിയുടെ സഹായം നീളാറുണ്ട്. എന്നാല്‍ ഇന്ന് അതേ കെഎംസിസിയുമായി ബന്ധപ്പെട്ട് അങ്ങേയറ്റം നാണംകെട്ട, ഓരോ ലീഗുകാരനും തലകുനിച്ച് പോകുന്ന കഥകളാണ് പുറത്ത് വരുന്നത്.

കേരളത്തിലും ഖത്തർ പ്രവാസലോകത്തും ഖത്തർ കവർച്ചാ കേസ് ഏറെ ചർച്ചയായിരിക്കുകയാണ്. കൊയിലാണ്ടിയിലെ പ്രാദേശിക ബിജെപി നേതാവായ ബാലകൃഷ്ണൻ കീഴടങ്ങിയതോടെയാണ് കൊള്ളസംഘത്തിന്റെ ഓരോ കഥകളും പുറത്ത് വരുന്നത് എന്നതാണ് രസകരം. പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം 25കോടിയോളം രൂപയാണ് കവർച്ചാ സംഘം കവർന്നെടുത്തത്.

2025 സെപ്റ്റംബർ 18നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കെഎംസിസിയുടെ അൽ തുമാമയിലെ ഓഫീസിലെ ലോക്കർ തകർത്ത് 31 ലക്ഷം ഖത്തർ റിയാലാണ് മോഷ്ടിക്കപ്പെട്ടത്. അതായത് എട്ട് കോടിയോളം ഇന്ത്യന്‍ രൂപ. കെഎംസിസിയുടെ സ്‌നേഹ സുരക്ഷാ പദ്ധതിക്കായി സമാഹരിച്ച തുകയായിരുന്നു കവർച്ച ചെയ്യപ്പെട്ടത്. അംഗങ്ങൾക്ക് അസുഖമോ മരണമോ സംഭവിച്ചാൽ 50,000 രൂപ മുതൽ 10 ലക്ഷം രൂപ വരെ നൽകാനായി അംഗങ്ങളിൽ നിന്ന് പ്രതിമാസം 20 റിയാൽ വീതം പിരിവെടുത്തായിരുന്നു ഈ തുക സമാഹരിച്ചിരുന്നത്.

പണം നഷ്ടമായതിന് പിന്നാലെ കെഎംസിസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഖത്തർ പൊലീസും കേരളത്തിലെ ഗൂഢാലോചനയെ മുൻനിർത്തി കൊയിലാണ്ടി പൊലീസും അന്വേഷണം നടത്തുന്നതിനിടെയാണ് ബാലകൃഷ്ണൻ കീഴടങ്ങുന്നത്.

വെൽഡിങ് ജോലിക്കാരനായ തന്നെ അറബിയുടെ വീട്ടിൽ ഒരു ജോലിയുണ്ടെന്ന് പറഞ്ഞ് കേസിലെ ഒന്നാം പ്രതി ബോംബെ ഷാജിയാണ് ഖത്തറിലെത്തിച്ചതെന്നാണ് ബാലകൃഷ്ണന്‍ അവകാശപ്പെടുന്നത്. കെഎംസിസി ഓഫീസിലെ സ്‌ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കാൻ സംഘം ആവശ്യപ്പെട്ടു.

എന്നാൽ ഓഫീസിലെത്തിയപ്പോഴാണ് കെഎംസിസിയുടെ ഓഫീസാണെന്ന് മനസിലായതെന്നും ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് കവർച്ചയിൽ സഹായിച്ചതെന്നും ബാലകൃഷ്ണൻ വെളിപ്പെടുത്തുന്നു. മോഷണത്തിന് ശേഷം അവിടെ നിന്ന് 50,000 രൂപയും ഇവിടെ എത്തിയതിന് ശേഷം 1.50 ലക്ഷം രൂപയും ബാലകൃഷ്ണന് ലഭിച്ചു.

ഇതോടൊപ്പം തന്നെയാണ് പ്രതികളുടേതെന്ന് കരുതുന്ന ശബ്ദ സന്ദേശവും പുറത്ത് വന്നത്. പ്രതികൾ തമ്മിലുള്ള വിലപേശൽ ഫോൺ വിളിയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അതിൽ ഒന്നാം പ്രതി ബോംബെ ഷാജി, കമറു പയ്യോളി എന്നയാളുമായി നടത്തിയ സംഭാഷണത്തിൽ 25 കോടിയോളം കവർന്നെന്നാണ് വെളിപ്പെടുത്തിയത്. പുറത്ത് വന്നത് എട്ട് കോടി രൂപ കവർന്നു എന്നായിരുന്നു. എന്നാൽ 25 കോടി കവർന്നെന്ന ബോംബെ ഷാജിയുടെ സംഭാഷണം ഏറെ ഞെട്ടൽ ഉണ്ടാക്കുന്നതായിരുന്നു.

തൻ്റെ വിഹിതം തനിക്ക് ലഭിച്ചില്ലെങ്കിൽ പ്രശ്‌നമുണ്ടാക്കുമെന്നും ഫോൺ സംഭാഷണത്തിലുണ്ട്. KMCC ഓഫീസാണെന്ന് അറിയില്ലായിരുന്നുവെന്നും എങ്കിൽ ഇതിന് നിൽക്കില്ലായിരുന്നുവെന്നും ഇയാൾ പറയുന്നുണ്ട്. ഫോൺ സംഭാഷണത്തിൻ്റെ ആധികാരികത പൊലീസ് അന്വേഷിച്ചുവരികയാണ്. ഒരു വർഷത്തോളം അനങ്ങാതെ നിന്ന കേസിലാണ് പെട്ടെന്ന് ഒരു ദിവസം വലിയ വഴിത്തിരിവുണ്ടായത്.

നേരത്തെ തന്നെ കേസുമായി ബന്ധപ്പെട്ട് ലീഗ് നേതൃത്വവും കെഎംസിസി ഭാരവാഹികളും കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നതടക്കമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു.കവർച്ചയ്ക്ക് പിന്നിൽ കൊയിലാണ്ടി, പയ്യോളി മേഖലകളിലുള്ളവരാണെന്ന സൂചനയെത്തുടർന്നാണ് കെഎംസിസി ഭാരവാഹികൾ കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയത്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇവർ രണ്ട് പേരും ഒഴികെ റാഷി, സാലിഹ്, ഹസ്സൻ, നിസാർ തുടങ്ങിയവരാണ് മറ്റ് പ്രതികൾ.

Content Highlights: The Qatar robbery case has become a major topic of discussion in Kerala and among the Qatari expatriate community

To advertise here,contact us