പ്രവാസികൾക്ക് തിരിച്ചടി; സ്വകാര്യ മേഖലയിൽ സ്വദേശിവത്ക്കരണം കടുപ്പിക്കാൻ ഖത്തർ

ഖത്തർ നാഷണൽ വിഷൻ 2030ന്റെ ഭാഗമായാണ് സ്വകാര്യ മേഖലയിൽ സ്വദേശിവത്ക്കരണം കൊണ്ടുവരുന്നത്.

സ്വകാര്യ മേഖലയിൽ സ്വദേശിവത്ക്കരണം ശക്തമാക്കാൻ ഖത്തർ ഭരണകൂടത്തിന്റെ നിർണ്ണായക നീക്കം. സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശി പ്രാതിനിധ്യം നിലവിലുള്ള 17 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്തും. കമ്പനികൾക്ക് കർശന നിർദ്ദേശം നൽകി തൊഴിൽ മന്ത്രാലയം.

ഖത്തർ നാഷണൽ വിഷൻ 2030ന്റെ ഭാഗമായാണ് സ്വകാര്യ മേഖലയിൽ സ്വദേശിവത്ക്കരണം കൊണ്ടുവരുന്നത്. സ്വദേശികളെ ആകർഷിക്കാൻ '2026 ഖത്തർ നാഷണലൈസേഷൻ അവാർഡും' തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച തൊഴിൽ അന്തരീക്ഷം ഒരുക്കുന്ന കമ്പനികൾക്കും കഴിവ് തെളിയിക്കുന്ന സ്വദേശി ഉദ്യോഗസ്ഥർക്കും പുതിയ അവാർഡിലൂടെ പ്രത്യേക ആനുകൂല്യങ്ങളും അംഗീകാരവും ലഭിക്കും. ഇത് കമ്പനികൾക്കിടയിൽ സ്വദേശി ജീവനക്കാരെ നിയമിക്കുന്നതിനായി വലിയ രീതിയിലുള്ള ആരോഗ്യകരമായ മത്സരം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി തൊഴിലിടങ്ങളിൽ കൂടുതൽ സൗകര്യങ്ങളും മികച്ച അവസരങ്ങളും ഒരുക്കാൻ സ്വകാര്യ മേഖലയ്ക്ക് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

സ്വകാര്യ മേഖലയിൽ സ്വദേശികളെ നിയമിക്കുന്നതിന് വ്യക്തമായ നിയമപരിരക്ഷയും ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന 'പ്രൈവറ്റ് സെക്ടർ നാഷണലൈസേഷൻ ലോ' ഇതിന് ശക്തമായ അടിത്തറയാണ് നൽകുന്നത്. ഈ നിയമപരമായ ചട്ടക്കൂട് വഴി സ്വദേശികളെ മികച്ച തസ്തികകളിൽ നിയമിക്കാനും അവരുടെ കഴിവിനനുസരിച്ചുള്ള അവസരങ്ങൾ നൽകാനും കമ്പനികൾ ബാധ്യസ്ഥരാണ്. ഒപ്പം സ്വദേശികളെ നിയമിക്കുന്ന തൊഴിലുടമകൾക്ക് സർക്കാർ പ്രത്യേക പ്രോത്സാഹനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനൊപ്പം സ്വദേശി യുവജനങ്ങൾക്ക് കൂടുതൽ സുരക്ഷിതമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നതുമാണ് ഖത്തർ ഈ നയത്തിലൂടെ ലക്ഷ്യമിടുന്നത്. വരും വർഷങ്ങളിൽ ഖത്തറിലെ സ്വകാര്യ മേഖലയുടെ പ്രവർത്തന രീതികളിൽ ഈ നിയമങ്ങൾ വലിയ സ്വാധീനം ചെലുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

Content Highlights: Qatar plans to intensify Qatarization efforts in the private sector by increasing the participation of Qatari nationals in the workforce. The policy is expected to create more opportunities for citizens while potentially affecting expatriate employment in certain sectors.

To advertise here,contact us